കേരളത്തിലെ ഏറ്റവും പ്രധാന കേന്ദ്രമായ എറണാകുളത്തുനിന്ന് കോട്ടയം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലെന്നതാണ് യാത്രക്കാരുടെ പ്രധാന പരാതി. നിലവിലുള്ള ട്രെയിനുകളുടെ തോന്നുംപടി സഞ്ചാരം സ്ത്രീകളടക്കമുള്ള സ്ഥിരം യാത്രക്കാരുടെ ജീവിതക്രമംതന്നെ താളംതെറ്റിക്കുകയാണ്.
ഹൈകോടതി, വിവിധ സർക്കാർ ഓഫിസുകൾ, ഇൻഫോ പാർക്ക്, നൂറുകണക്കിന് മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുമാണ് ആലപ്പുഴ, കോട്ടയം, തൃശൂർ മേഖലകളിൽനിന്ന് ട്രെയിൻമാർഗം എറണാകുളത്തേക്ക് എത്തുന്നത്. രാവിലെയും വൈകീട്ടും പോലും രണ്ട് മണിക്കൂറോളം ഇടവേളകളിലാണ് ട്രെയിനുകളുള്ളത്.
06.58ന് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ അന്ന് ഓഫിസുകളിൽ ലീവ് മാർക്ക് ചെയ്യപ്പെടേണ്ട അവസ്ഥയാണെന്ന് എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ പറയുന്നു. പുലർച്ച വീട്ടുജോലികൾ തീർത്ത് വയോധികരായ മാതാപിതാക്കളുടെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി റെയിൽവേ സ്റ്റേഷനിലേക്ക് ഓടുന്ന സ്ത്രീകളെ സ്വീകരിക്കുന്നത് കുത്തിനിറച്ച കമ്പാർട്മെന്റുകളുമായി കിതച്ചെത്തുന്ന പാലരുവി, വേണാട് എക്സ്പ്രസുകളാണ്.
വൈകിയോട്ടം മുഖമുദ്രയാക്കിയ വേണാട് എക്സ്പ്രസിനെ ആശ്രയിച്ചാൽ സമയത്ത് ജോലിക്കെത്താനാകില്ല. വേണാടിന് മുമ്പ് കോട്ടയം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന പാലരുവി എക്സ്പ്രസിൽ കയറാമെന്നുവെച്ചാൽ കാല് കുത്താനുള്ള സ്ഥലവുമുണ്ടാകില്ല. ഇതൊക്കെ കാരണം ജോലി ഉപേക്ഷിക്കേണ്ടിവന്നവർ നിരവധിയാണ്. പാലരുവി, വേണാട് എക്സ്പ്രസുകൾക്കിടയിലുള്ള എറണാകുളത്തെ സമയവ്യത്യാസം രണ്ട് മണിക്കൂർ വരെയാണ്.
9.20ന് തൃപ്പൂണിത്തുറയിൽ എത്തേണ്ട വേണാട് 9.45നുപോലും എത്തുന്നില്ല. പക്ഷേ, തൃപ്പൂണിത്തുറയിൽനിന്ന് എറണാകുളം ജങ്ഷനിലേക്ക് 40 മിനിറ്റും വടക്കാഞ്ചേരിയിൽനിന്ന് ഷൊർണൂർ ജങ്ഷനിലേക്ക് 50 മിനിറ്റും നൽകിയിരിക്കുന്നതിനാൽ രേഖകളിൽ വേണാട് കൃത്യസമയം പാലിക്കുകയാണ്. പാലരുവിയിൽ 14 ബോഗി മാത്രമേയുള്ളൂവെന്നതാണ് തിരക്ക് വർധിക്കാൻ മറ്റൊരു കാരണം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ഓടിത്തുടങ്ങിയ നാൾ മുതൽ കൃത്യസമയം പാലിച്ചിട്ടില്ല.
എറണാകുളത്ത് രാവിലെ 10ന് മുമ്പ് എത്തിച്ചേരേണ്ട ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ യഥാക്രമം 06.10നും 06.20നും മുമ്പ് ട്രെയിനിൽ കയറിക്കൂടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പാലരുവിയുടെ സമയം അൽപം മാറ്റി ക്രമീകരിച്ചാൽ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. 8.45ന് എറണാകുളത്ത് എത്താൻ നിലവിലെ സാഹചര്യത്തിൽ 07.30ന് പാലരുവി കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ മതിയാകും.
പാലരുവിക്കും വേണാടിനും ഇടയിൽ മെമു സർവിസ് ആരംഭിച്ചാൽ മാത്രമേ യാത്രാദുരിതം കുറയുകയുള്ളൂവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ ഭാരവാഹികൾ പറഞ്ഞു. എറണാകുളം ജങ്ഷനിൽ പ്ലാറ്റ്ഫോം ലഭ്യമാകാത്തതാണ് പ്രശ്നമെങ്കിൽ ടൗൺവഴി തൃശൂർ, ഷൊർണൂർ വരെ സർവിസ് നടത്തി മടങ്ങുന്നവിധം ക്രമീകരിക്കണം. പിറവം-അങ്കമാലി മെമു സർവിസ് കുറേക്കാലം പരീക്ഷിച്ച ഡിവിഷന് തിരക്ക് കുറക്കാൻ കായംകുളം-അങ്കമാലി മെമു സർവിസ് പരിഗണിക്കാവുന്നതാണ്.
എറണാകുളം ടൗണിൽനിന്ന് ഉച്ച 01.55ന് നാഗർകോവിൽ-പരശുറാം എക്സ്പ്രസ് കോട്ടയം ഭാഗത്തേക്ക് പുറപ്പെട്ടുകഴിഞ്ഞാൽ, 05.25നുള്ള വേണാട് മാത്രമാണ് സ്ഥിരയാത്രക്കാരുടെ ആശ്രയം. കോവിഡിന് മുമ്പ് 02.40ന് സർവിസ് നടത്തിയിരുന്ന മെമു 01.35ലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തതും വൈകീട്ടത്തെ തിരക്ക് വർധിക്കാൻ കാരണമായി. വൈകീട്ട് 06.40ന് എറണാകുളം ടൗണിൽനിന്ന് തിരുനെൽവേലിക്ക് പുറപ്പെടുന്ന പാലരുവി എക്സ്പ്രസിന് ശേഷം ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേക്ക് ഒരു ട്രെയിൻപോലും ഇല്ല. 06.15ന് എറണാകുളം ജങ്ഷനിൽനിന്ന് കോട്ടയം ഭാഗത്തേക്കുള്ള മെമുവിന് തൊട്ടുപിറകെ പാലരുവി എത്തുന്നതുകൊണ്ട് ശരിയായ പ്രയോജനവും ലഭിക്കുന്നില്ല. അതിനാൽ വൈകീട്ടുള്ള പാലരുവിയുടെ സമയം 06.50ലേക്കോ ഏഴ് മണിയിലേക്കോ മാറ്റണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. എറണാകുളം ടൗണിൽനിന്ന് വൈകീട്ട് 7.45ന് പുറപ്പെടുന്ന നിലമ്പൂർ-കോട്ടയം എക്സ്പ്രസാണ് സ്ഥിരം യാത്രക്കാർക്കുള്ള അവസാനത്തെ ആശ്രയം. ഈ ട്രെയിൻ ഏറെനാളായി കൃത്യസമയം പാലിക്കുന്നുമില്ല.
ഈവനിങ്, നൈറ്റ് ഷിഫ്റ്റുകളിൽ എറണാകുളത്ത് ജോലിചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് സഹിക്കുന്നത്. ഉച്ചക്കുശേഷം എറണാകുളത്തേക്ക് കോട്ടയം വഴിയുള്ള കേരള എക്സ്പ്രസ്, പുണെ എക്സ്പ്രസ് എന്നിവയാണ് ഇവരുടെ ആശ്രയം. ഈ ട്രെയിനുകളിൽ ജനറൽ കമ്പാർട്മെന്റുകളുടെ എണ്ണം വിരളമായതിനാൽ വൻ തിരക്കാണനുഭവപ്പെടുന്നത്. 4.25ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കായംകുളം-എറണാകുളം മെമു എക്സ്പ്രസ് സാധാരണക്കാർക്ക് ഉപകാരം ലഭിക്കാത്തനിലയിലാണ് സഞ്ചരിക്കുന്നത്. കോട്ടയത്തിന് ശേഷം പിറവം റോഡിലും തൃപ്പൂണിത്തുറയിലും മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. അടിയന്തരമായി ഏറ്റുമാനൂർ, കുറുപ്പന്തുറ, വൈക്കം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളിലും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. തൃപ്പൂണിത്തുറയിൽനിന്ന് പുറപ്പെട്ട് എറണാകുളം ജങ്ഷനിൽ പ്രവേശിക്കുന്നതിന് മുമ്പ് പുറത്ത് ഡി കാബിനിൽ ഏറെനേരം ട്രെയിൻ പിടിച്ചിടുന്നതും ബുദ്ധിമുട്ടാകുന്നു.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ പ്രധാന പല ട്രെയിനിനും സ്റ്റോപ്പില്ലെന്നതാണ് യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്നടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനായിട്ടുകൂടി മറ്റ് ജില്ലകളിലെ സ്റ്റേഷനുകളിലെത്തേണ്ട ഗതികേടിലാണ് യാത്രക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച 15 കോടി രൂപ വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.