തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ വിവിധ ബാങ്കുകളിലുള്ള കറന്റ്-സേവിങ്സ് അക്കൗണ്ട് (സി.എ.എസ്.എ) നിക്ഷേപങ്ങൾ കേരള ബാങ്കിലേക്ക് മാറ്റാൻ നിർദേശം. കേരള ബാങ്കിൽ എല്ലാ ഓൺലൈൻ സേവനങ്ങളും നിലവിൽവന്ന സാഹചര്യത്തിൽ ഇത്തരം നിക്ഷേപം പൂർണമായും ഇവിടേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റ് വേളയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള ബാങ്കിനെ മാത്രം പരിഗണിക്കുകയും മറ്റു സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ സഹകരണ വകുപ്പിൽനിന്ന് ഉണ്ടാകുന്നെന്ന പരാതി വ്യാപകമാണ്. സംഘങ്ങളുടെ പലിശ നിരക്ക് കേരള ബാങ്ക് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
കേരള ബാങ്കിനെ മാത്രം സഹായിക്കാനും പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കാനുമാണ് രജിസ്ട്രാറുടെ സർക്കുലറെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. പലിശ നിർണയ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ. കാലാകാലങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ അതേ പലിശനിരക്കിലാണ് കേരള ബാങ്ക് സ്വീകരിക്കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾക്ക് 9.5 ശതമാനം പലിശയാണ് നൽകേണ്ടി വരുന്നത്. അത് കേരള ബാങ്കിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്നത് 8.5 ശതമാനം മാത്രം. ഈ ഇനത്തിൽ വരുന്ന ഭാരിച്ച നഷ്ടം നികത്താനാകാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സർവിസ് സഹകരണ ബാങ്കുകൾക്ക് ഒഴികെ സഹകരണ സ്ഥാപനങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായവും കേരള ബാങ്കിൽനിന്ന് ലഭിക്കുന്നില്ലെന്ന് സഹകാരികൾ കുറ്റപ്പെടുത്തുന്നു. ആധുനിക ബാങ്കിങ് സൗകര്യങ്ങൾ പൂർണമായി നടപ്പാക്കാത്ത കേരള ബാങ്കിന് വേണ്ടി മറ്റ് ബാങ്കുകളിലെ നിക്ഷേപങ്ങൾ പൂർണമായി മാറ്റണമെന്ന് നിർദേശിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.