മലപ്പുറം: അധ്യയന വർഷത്തിന്റെ അവസാനം പ്ലസ് ടു പരീക്ഷക്കായി വിദ്യാർഥികളെ സജ്ജരാക്കുന്ന തിരക്കിനിടയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. 2023 -24 അധ്യയനവർഷത്തിലെ പൊതു സ്ഥലംമാറ്റ ഉത്തരവാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്. ഉടൻ പ്രാബല്യത്തിലാവുന്ന തരത്തിലാണ് ഉത്തരവ്.
സ്കൂളുകളിൽ മോഡൽ പരീക്ഷകളും മൂല്യനിർണയ സ്കോർ അപ് ലോഡിങ്ങും നടന്നുവരുകയാണ്. പ്രായോഗിക പരീക്ഷകളുടെ സ്കോർ എൻട്രി, റെമഡിയൽ ക്ലാസ് തുടങ്ങിയ അവസാന വട്ട ഒരുക്കങ്ങൾ ഹയർസെക്കൻഡറി സ്കൂളുകളിൽ നടക്കുന്നതിനിടയിലാണ് ഉടൻ പ്രാബല്യത്തിൽ വരുന്ന സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കുക വിദ്യാർഥികൾക്കാണ്.
വിദ്യാർഥികളെ പരിചയമില്ലാത്ത അധ്യാപകർ ഈ നിർണായക നിമിഷത്തിൽ പഠനപ്രക്രിയകൾ നടത്തുമ്പോഴുണ്ടാവുന്ന പ്രയാസം ചെറുതല്ലെന്ന് അധ്യാപകർ പറയുന്നു. അവരുടെ പഠന മൂല്യനിർണയ പ്രക്രിയകളെ ദോഷകരമായി ബാധിക്കുമെന്നാണ് പരാതി. കാത്തുകാത്തിരുന്ന ട്രാൻസ്ഫർ ആവശ്യമായ ‘ജോയിനിങ് ടൈം’ എങ്കിലും എടുക്കാനുള്ള സാവകാശം അനുവദിച്ചു നൽകിയാവണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പൊതു പരീക്ഷ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരംതന്നെ എടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.മോഡൽ പരീക്ഷ രണ്ടെണ്ണമേ കഴിഞ്ഞിട്ടുള്ളൂ. ഫെബ്രുവരി 21 വരെ മോഡൽ പരീക്ഷയുണ്ട്. മിക്ക സ്കൂളുകളിലെയും പകുതിയോ അതിലധികമോ അധ്യാപകർക്ക് സ്ഥലംമാറ്റമുണ്ട്.
അവസാന ഘട്ടത്തിലെ അധ്യാപകമാറ്റം വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. കാലങ്ങളായി കാത്തിരിക്കുന്ന സ്ഥലംമാറ്റ ഉത്തരവാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.