മാവൂർ: മകനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് മെഡിക്കൽ കോളജിൽ വെൻറിലേറ്റർ സൗകര്യം ഒഴിവില്ലെന്ന് അറിയിച്ചതിനാലെന്ന് നിപ സ്ഥിരീകരിച്ച് മരിച്ച പാഴൂർ മുന്നൂര് മുഹമ്മദ് ഹാഷിമിൻെറ പിതാവ് വായോളി അബൂബക്കർ. രോഗബാധിതനായി പ്രയാസപ്പെടുന്ന പിഞ്ചു ബാലനു ലഭിക്കേണ്ട പരിഗണന മെഡിക്കൽ കോളജിൽ കിട്ടിയില്ലെന്നും പിതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. ആഗസ്റ്റ് 31ന് ഉച്ചയോടെയാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിൽ എത്തുന്നത്. മെഡിക്കൽ കോളജിൽ സ്കാനിങ്ങും മറ്റു പരിശോധനകളും നടന്നു. ഇതിനു ശേഷം, കുട്ടിക്ക് മസ്തിഷ്കജ്വരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അസ്വാസ്ഥ്യത്തെതുടർന്ന് മകന് പ്രയാസങ്ങളുണ്ടായി. കുട്ടിയെന്ന നിലയിലുള്ള കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ല. ആശുപത്രിയിൽ മരുന്നും കുത്തിവെപ്പും നൽകിയിരുന്നു. കുത്തിവെച്ചശേഷമാണ് മകന് അപസ്മാരവും ബോധക്ഷയവും ഉണ്ടാകുന്നത്. മകനെ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കണമെന്നും എന്നാൽ, അവിടെ ഒഴിവില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വെൻറിലേറ്റർ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രിയിൽനിന്ന് ഡോക്ടറും നഴ്സുമാരും ആംബുലൻസിൽ എത്തിയാണ് ആഗസ്റ്റ് ഒന്നിന് ഉച്ചയോടെ കുട്ടിയെ അവിടേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയാണ്, മകന് നിപ സ്ഥിരീകരിച്ചെന്നും മാതാപിതാക്കൾ വീട്ടിൽ ഐെസാലേഷനിൽ പോകണമെന്നും ആരുമായും സമ്പർക്കം ഉണ്ടാകരുതെന്നും ഡോക്ടർമാർ അറിയിച്ചത്. ഇതനുസരിച്ച് അർധരാത്രിതന്നെ തങ്ങൾ രണ്ടുപേരും ചെറുവാടിയിലെ ബന്ധു വീട്ടിലേക്ക് പോന്നു. എത്രയും പെട്ടെന്ന് രോഗം ഭേദമായി അവൻ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മകനെ ഒറ്റക്കാക്കി തിരിച്ചുപോരുന്നത്. എന്നാൽ, പുലർെച്ച മകൻ മരിച്ചെന്ന വിവരമാണ് അറിയുന്നത്.
അവന് നിപ ബാധിക്കാൻ സാഹചര്യം ഒന്നും കാണുന്നില്ല. തറവാട് പറമ്പിലെ മരത്തിൽനിന്ന് റമ്പൂട്ടാൻ പറിച്ചു കൊണ്ടു വരാറുണ്ട്. നല്ല പഴങ്ങൾ മാത്രമാണ് പറിക്കാറ്. കിളികൾ കൊത്തിയതോ നിലത്തു വീണതോ എടുക്കാറില്ല. അടുത്ത വീട്ടിലെ കുട്ടികളും തങ്ങളും കഴിക്കാറുണ്ട്. വീട്ടിലെ ആട് ഈയടുത്ത് ചത്തെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. ഹാഷിം വീട്ടിലെ ആടുകളെ പരിചരിക്കാറുണ്ട്. നിപ ബാധിച്ചാണ് മകൻ മരിച്ചതെന്ന് വിശ്വസിക്കാനാവില്ല. സ്നേഹിച്ചു തീരുന്നതിനു മുമ്പാണ് മകനെ നഷ്ടമായത്. അവൻെറ കളിചിരി മനസ്സിൽനിന്നും മായുന്നില്ലെന്നും സങ്കടം വാക്കുകളിൽ ഒളിപ്പിച്ച് അബൂബക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.