തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് നോട്ടീസ് ലഭിച്ചതിന് ആർ.ടി ഓഫിസിൽ കയറി അതിക്രമം കാണിച്ച ഇ ബുൾ ജെറ്റ് വ്ലോഗർമാരുടെ നടപടിക്കെതിരെ നിയമസഭയിൽ രൂക്ഷമായ വിമർശനവുമായി ഗതാഗതമന്ത്രി ആൻറണി രാജു. റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന ചട്ടങ്ങൾ നടപ്പാക്കാൻ ഒരുവശത്ത് ശ്രമിക്കുമ്പോൾ ബോധപൂർവം അട്ടിമറിക്കാൻ സംഘടിതമായ ശ്രമങ്ങൾ മറുവശത്ത് നടന്നുവരികയാെണന്ന് മാത്യു ടി. തോമസിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെ പറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങളെയും മോട്ടോർ വാഹനനിയമങ്ങളെയും കാറ്റിൽ പറത്തി, ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിൽ സംഭ്രമജനകമായ രംഗങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്താനും ബോധപൂർവ ശ്രമമുണ്ടായി.
റോഡ് സുരക്ഷാ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. നിലവിലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 155 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന് കൂടുതൽ അധികാരം നൽകും. റോഡ് സുരക്ഷക്കായി ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെൻറ് സിസ്റ്റം നടപ്പാക്കും. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറഞ്ഞുവരികയാണ്. 2019ൽ 41111 അപകടങ്ങളുണ്ടായെങ്കിൽ 2020ൽ 27,877ഉം 2021ൽ 18,391 ഉം ആയും കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.