തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കൂടി രാജിയോടെ ‘ഇരിപ്പുറക്കാത്ത ഗതാഗതമന്ത്രിമാർ’ എന്നത് കേരളത്തിെൻറ രാഷ്ട്രീയചരിത്രത്തില്‍ യാദൃച്ഛികത ആവുകയാണ്. 1967-69 കാലയളവില്‍ പാതിയില്‍ ഇറങ്ങിപ്പോകേണ്ടിവന്ന ഇമ്പിച്ചിബാവയില്‍ തുടങ്ങുന്ന പട്ടിക അവസാനിക്കുന്നതാകട്ടെ തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞ തോമസ് ചാണ്ടിയിലും. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ മൂന്ന് മന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടായെങ്കില് അതില്‍ രണ്ടും കെ.എസ്.ആര്.ടി.സി മന്ത്രിമാരാണെന്നതും യാദൃച്ഛികത.
മന്ത്രി ഇമ്പിച്ചിബാവക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെപോയത് ആ സര്‍ക്കാര്‍ ഒന്നടങ്കം നിലംപൊത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍, ആര്. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തില്‍ ഗതഗതമന്ത്രിക്കസേര പലവട്ടം കൈവിട്ടുവെന്നതാണ് ചരിത്രം. 1976 ജൂണ്‍ 25 നാണ് പാതിവഴിയില്‍ രാജിവെച്ചൊഴിയേണ്ടിവന്ന രണ്ടാമത്തെ ഗതാഗതമന്ത്രിയെന്ന വിശേഷണം പിള്ളയെ തേടിയെത്തുന്നത്. ലോക്സഭാംഗമായിരുന്ന പിള്ളക്ക് ആറുമാസത്തിനുള്ളില്‍ നിയമസഭാംഗമാകാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു അച്യുതമേനോന് മന്ത്രിസഭയില്‍നിന്നുള്ള രാജി. ഗതാഗതത്തിനൊപ്പം എക്സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലകളില്‍നിന്ന് കൂടിയായിരുന്നു പടിയിറക്കം. കരുണാകരന് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരെ മാറ്റി നിയമിതനായ പിള്ളക്ക് 1983 ആഗസ്റ്റ് 29ന് വീണ്ടും മന്ത്രിക്കസേര നഷ്ടപ്പെട്ടു. 1991-ല്‍ തിരിച്ചെത്തിയെങ്കിലും ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആൻറണി മന്ത്രിസഭയില്‍നിന്ന് 1995 ജൂലൈ 28ന് പടിയിറങ്ങിയതായിരുന്നു പിള്ളയുടെ അടുത്ത ദുര്യോഗം.
ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍നിന്ന് 1999 ജനുവരി 11ന് രാജിവെക്കേണ്ടിവന്ന പുത്തന്‍പുരയില്‍ രാവുണ്ണിക്കുറുപ്പ് എന്ന പി.ആര്. കുറുപ്പാണ് മറ്റൊരാള്‍. വിവാദങ്ങള്‍ വരിഞ്ഞുമുറുക്കിയതിനെ തുടര്‍ന്ന് ജനതാദളിലെ ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ 2000 ഫെബ്രുവരി 12നാണ് രാജിവെച്ചതെങ്കില്‍ ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനായ ആര്. ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നല്കാന് ആൻറണി മന്ത്രിസഭാംഗമായ ഗണേഷ് പാതിവഴിയില്‍ കസേര ഉപേക്ഷിച്ചത് 2003 മാര്‍ച്ച് 10ന്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ജനതാദളിന് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അച്യുതാനന്ദന് മന്ത്രിസഭയില്‍നിന്ന് മന്ത്രിസ്ഥാനം വിട്ടിറങ്ങിയ മാത്യു ടി. തോമസായിരുന്നു രാജിച്ചങ്ങലയിലെ അടുത്ത കണ്ണി. 2009 മാര്‍ച്ച് 20നായിരുന്നു ഈ സ്ഥാനത്യാഗം. ഫോണിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ എ.കെ. ശശീന്ദ്രന് രാജിവെച്ചത് 2017 മാര്‍ച്ച് 26നാണ്. ഇപ്പോള്‍, കായല്‍കൈയേറ്റ വിഷയത്തില്‍ പദവിയൊഴിഞ്ഞ് തോമസ് ചാണ്ടി പടിയിറങ്ങുന്നത് നവംബര്‍ 15ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.