മൊഗ്രാൽ: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വ്യാജ പോക്സോ കേസ് നൽകിയതിനെ തുടർന്ന് അധ്യാപകനെതിരെ എടുത്ത നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ്.
ഇതോടെ വ്യാജ പരാതി കൊടുത്ത് കുട്ടികളെ പീഡിപ്പിച്ച കൗൺസലർ അനീറ്റ മെന്റോണിസ, ഹെഡ്മിസ്ട്രസ് അഞ്ജു എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കുമ്പള ഗവ. ഹൈസ്കൂളിലെ അധ്യാപകനെതിരെ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നേരത്തെ രംഗത്തെത്തിയിരുന്നു.
പത്താം ക്ലാസിലെ രണ്ടു വിദ്യാർഥിനികളെ കൗൺസലിങ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളക്കടലാസിൽ ഒപ്പിടുവിച്ച് വാങ്ങിയത്. പ്രധാനാധ്യാപകന്റെ താൽക്കാലിക ചുമതലയുള്ള അധ്യാപിക, സീനിയർ അസി. അഞ്ജു, കൗൺസലിങ് അധ്യാപിക അനീറ്റ മെന്റോണിസ എന്നിവർ ചേർന്ന് നിർബന്ധിച്ച് ഒപ്പിടുവെപ്പിച്ചെന്നാണ് പറയുന്നത്.
ഇതേ തുടർന്ന് മക്കളുടെ രണ്ട് മോഡൽ പരീക്ഷ നഷ്ടപ്പെട്ടുവെന്നും ഇതിന് ഉത്തരവാദികൾ മൂന്ന് അധ്യാപികമാരാണെന്നും ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടന്നതായുമാണ് പറയുന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളെ കൊണ്ട് വെള്ള പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങിയത്. എന്തിനാണ് ഒപ്പിടുന്നതെന്ന് ചോദിച്ചപ്പോൾ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും അധ്യാപകർ പറഞ്ഞു.
പിന്നീട് പൊലീസ് സ്റ്റേഷനിൽനിന്ന് ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യം തന്നെ കുട്ടികൾ അറിയുന്നത്. പിന്നീട് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തുകയും മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴിയെടുക്കാൻ കൊണ്ടുപോവുകയും ചെയ്തു.
അധ്യാപകനെതിരെ ഒരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടു പോയതിനെ തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷകർത്താക്കൾ പറഞ്ഞു. മക്കളുടെ ഭാവിയെതന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, ഡി.പി.ഒ, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു.
പോക്സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവ് ആരോപണവിധേയരായ അധ്യാപികമാർക്കെതിരെ പോക്സോ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്കും ചൈൽഡ് ലൈനും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.