കാസർകോട്: എൻഡോസൾഫാൻ ഇരകൾക്ക് സംസ്ഥാന സർക്കാർ എൻഡോസൾഫാൻ ദുരിത നിവാരണ സെൽ മുഖേന നൽകിവന്നിരുന്ന ചികിത്സയും മരുന്നും ഈ മാസം 31ഓടെ നിലക്കും. സുപ്രീംകോടതിയുടെ വിധിപ്രകാരം ഇരകൾക്ക് ഈ വർഷം അഞ്ചുലക്ഷംവീതം സഹായം നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഇരകൾക്കുള്ള ചികിത്സാനുകൂല്യങ്ങൾ നിർത്തുന്നതിന്റെ ഭാഗമാണ് നടപടികൾ എന്ന് കരുതുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം മുഖേന 2010 മുതൽ നൽകി വന്ന ചികിത്സ ആനുകൂല്യങ്ങൾ 2021-22ൽ കേന്ദ്രം നിർത്തിയപ്പോൾ കാസർകോട് വികസന പാക്കേജിലായിരുന്നു ഇത് തുടർന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ ഇതു തുടരാൻ ധനവകുപ്പിന്റെ അനുമതിയില്ല.
നീതി മെഡിക്കൽ സ്റ്റോർ വഴിയാണ് മരുന്നുകൾ സൗജന്യമായി നൽകിയിരുന്നത്. പുല്ലൂർ പെരിയ പഞ്ചായത്തിലെ നീതി സ്റ്റോറിന് 25 ലക്ഷം രൂപ നൽകാനുണ്ടത്രെ. അതുപോലെ കയ്യൂർ-ചീമേനി, കാഞ്ഞങ്ങാട്, കാറടുക്ക, പനത്തടി എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾക്കും ഭീമമായ തുക നൽകാനുണ്ട്.
ഇതു നൽകാത്തതിനാൽ മാർച്ച് 31മുതൽ രോഗികൾക്ക് മരുന്നുകൾ ലഭിക്കില്ല. നാലായിരത്തോളം രോഗികൾക്ക് മരുന്ന് ഇപ്പോഴും ആവശ്യമുണ്ട്. 11 പഞ്ചായത്തുകൾക്ക് ആംബുലൻസോ ജീപ്പുകളോ ഉണ്ടായിരുന്നു. ഇത് ടെൻഡർ വിളിക്കുകയാണ് പതിവ്. ഇത്തവണ ടെൻഡർ വിളിച്ചില്ല.
അതുകൊണ്ട്, അടുത്ത വർഷം മുതൽ രോഗികൾക്ക് ഫിസിയോ തെറപ്പി ചെയ്യാനും മംഗളൂരു, പരിയാരം ആശുപത്രികളിൽ പോകാനും സൗജന്യ വാഹനവും ലഭ്യമാകില്ല. സുപ്രീംകോടതി വിധി പ്രകാരം രോഗികൾക്ക് അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ 200 കോടി രൂപയാണ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.