കൊച്ചി : പട്ടയഭൂമിയിലെ മരംമുറിക്കാൻ തീരുമാനമെടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷവഹിച്ച യോഗത്തിലെന്ന് നോട്ട് ഫയൽ. 2017 മാർച്ച് 27നാണ് ഉന്നതതലയോഗം നടന്നത്. ഇടുക്കിയിലെ കൃഷിയും വീട് നിർമാണത്തിനും ഉൾപ്പെടെ ഭൂമിയിലുള്ള അവകാശങ്ങൾ സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. യോഗത്തിലെ രണ്ടാമത്തെ വിഷയമായിരുന്നു പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് അനുമതി നൽകണമെന്നത്. ഇടുക്കിയിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ യോഗത്തിൽ പട്ടയ ഭൂമിയിലെ മരംമുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. വനംവകുപ്പും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
നിലവിൽ 28 ഇനം മരങ്ങൾ മുറിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ.സി.എച്ച്.ആർ ഭൂമി, എ.എഫ്.എൽ നിയമപ്രകാരം വിജ്ഞാപനം ചെയ്ത പ്രദേശം, സ്വകാര്യവനമായി വിജ്ഞാപനം ചെയ്ത പ്രദേശം, ഏലം കൃഷിചെയ്യുന്ന പ്രദേശം എന്നിവിടങ്ങളിലെ മരങ്ങൾ മുറിച്ച് മാറ്റാൻ പാടില്ല. ഏലം കൃഷി ചെയ്യുന്ന പ്രദേശത്ത് നിയന്ത്രിത മരം മുറിക്കാവുന്നതാണ്. മരത്തിൻെറ ശാഖകൾ ആവശ്യമാണെങ്കിൽ മുറിക്കാം. ഏലം കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികൾ ചെയ്തിട്ടുള്ള ഭൂമിക്ക് മാത്രമേ സി.എച്ച്.ആറിൽ പട്ടയം നൽകിയിട്ടുള്ളു. ഈ വാദത്തിൻെറ അടിസ്ഥാനത്തിൽ 1993ലെ വനംഭൂമി പതിവ് പ്രത്യേക ചട്ടത്തിലെ വകുപ്പിൽ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്നായിരുന്നു യോഗം തീരുമാനിച്ചത്.
തുടർ നടപടി സ്വീകരിക്കുന്നതിനായി റവന്യൂ- വനം മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ നടന്നു. പട്ടയഭൂമിയിലെ മരം മുറി കാര്യത്തിൽ നിയമ വകുപ്പിൻെറ അഭിപ്രായം ആരാഞ്ഞശേഷം തീരുമാമെടുക്കാമെന്ന നിലപാടാണ് റവന്യൂ മന്ത്രി സ്വീകരിച്ചത്. എന്നാൽ, തടുർന്ന് നടന്ന യോഗത്തിൽ ഇക്കാര്യത്തിൽ ഉത്തരവിറക്കണമെന്ന് ശക്തമായ രാഷ്ട്രീയ സമ്മർദമുണ്ടായി.
2020 ഫെബ്രുവരി അഞ്ചിന് നടന്ന യോഗത്തിൽ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് സ്പഷ്ടീകരണം നൽകാൻ സർക്കുലർ പുറപ്പെടുവിക്കാൻ തീരുമാനിച്ചു. അത് പ്രകാരം 2020 മാർച്ച് 11ന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുമാണ് ജില്ല കലക്ടർമാർക്കും വനം വകുപ്പിനും സർക്കുലർ അയച്ചത്. പട്ടയഭൂമിയിൽ കർഷകൻ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് പാട്ട ഉടമക്ക് അനുമതി നൽകാമെന്നായിരുന്നു സർക്കുലർ. സംസ്ഥാനത്ത് പലയിടത്തും ഇക്കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ മരം മുറിക്കാനാവാത്ത അവസ്ഥയുണ്ടെന്നും അത് പരിഹരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടു. മരംമുറിക്കുന്നതിനായി ധാരാളം അപേക്ഷകൾ ലഭിച്ചുണ്ടെന്നും പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ ഉടമാവകാശം പട്ടയം ഉടമക്കാണെന്നും സർക്കുലറിൽ വ്യക്തമാക്കി.
വേണു വനം സെക്രട്ടറിയായിരുന്നപ്പോഴാണ് തോട്ടം മേഖലയിൽ റബ്ബർമരം മുറിക്കുമ്പോൾ സർക്കാരിന് അടച്ചിരുന്ന സീനിയറേജ് പൂർണമായും ഒഴിവാക്കി ഉത്തരവിറക്കിയത്. അത് നിയമവിരുദ്ധമാണെന്ന് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചിട്ടും ഇപ്പോഴും പിൻവലിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വേണു മന്ത്രി ഇ. ചന്ദ്രശേഖരനറിയാതെ റവന്യൂ വകുപ്പിൽ തീരുമാനങ്ങളെടുത്തത് വിവാദമായി. തുടർന്ന് വേണുവിനെ മാറ്റി.
വേണുവിൻെറ സർക്കുലറിൻെറ തുടർച്ചയായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകാണ് 2020 ഒക്ടോബർ 24ന് ഉത്തരവിറക്കിയത്. ഇൗ ഉത്തരവാണ് മുട്ടിൽ അടക്കം വെളുപ്പിക്കാൻ മാഫിയക്ക് സഹായകമായത്. ഉത്തരവ് സർക്കാരിൻെറ രാഷ്ട്രീയ തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.