കൊച്ചി: ഉത്തരവുകൾ പിൻവലിക്കാൻ വിചാരണക്കോടതികള്‍ക്ക് അധികാരമില്ലെന്ന് ഹൈകോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്ന ഹൈകോടതി ഉത്തരവില്‍ ഇളവ് നല്കിയ ഉത്തരവാണ് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി പിന്‍വലിച്ചത്. ഇതിനെതിരായ ഹരജിയിലാണ് ഇത്തരമൊരു നടപടിക്ക് വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് െബച്ചു കുര്യന് തോമസ് വ്യക്തമാക്കിയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ എറണാകുളം സ്വദേശി വി.എസ്. ഫര്ഹാന് ജാമ്യം അനുവദിച്ച ഉത്തരവില്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിർദേശിച്ചിരുന്നു.
പിന്നീട് ഇത് വിട്ടുകിട്ടാൻ വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. വിചാരണക്കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍, തെറ്റ് പറ്റിയെന്ന് വ്യക്തമായതോടെ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന് ഹൈകോടതിയിൽ എത്തിയത്.
ഹൈകോടതി ഏര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവ് നല്കാന് വിചാരണക്കോടതിക്ക് അധികാരമില്ലെന്നും ഇളവ് നല്കാന് ഹൈകോടതിക്കേ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവില്‍ മാറ്റം വരുത്താന്‍ ഹൈകോടതിക്കുപോലും പരിമിത അധികാരമേയുള്ളൂ. മഞ്ചേരി കോടതിയുടെ ഉത്തരവും ഹൈകോടതി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.