അടിമാലി: ഇടുക്കി മാങ്കുളത്ത് പുഴയോരത്തെ ഏറുമാടത്തിൽ അർധ പട്ടിണിയിൽ കണ്ടെത്തിയ ആദിവാസി കുട്ടികളെ ജില്ല ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. കുട്ടികളെ ചെങ്കുളം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അടിമാലി പഞ്ചായത്തിലെ ഒന്നാംവാർഡിൽ താമസിച്ചിരുന്ന ഇവർ ഏതാനും മാസം മുൻപാണ് പിതാവിനൊപ്പം മാങ്കുളം പഞ്ചായത്തിലെ വലിയപാറകുട്ടിയിൽ പുഴയോരത്ത് ഏറുമാടം കെട്ടി താമസം ആരംഭിച്ചത്.
11 വയസുള്ള പെൺകുട്ടിയും ഏഴ്, അഞ്ച് വയസ് വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളെയുമാണ് മാങ്കുളം പി.എച്ച്.സിക്ക് കീഴിലെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. കുറത്തി കുടിയിൽ വാടക കൊടുത്ത് താമസിക്കാൻ പറ്റാത്തതിനാലാണ് ഏറുമാടത്തിലേക്ക് മാറിയതെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ഗീത അനന്തൻ അറിയിച്ചു.
പിതാവ് ദിവസവും ജോലിക്കായി ഏറുമാടത്തിൽ നിന്ന് പോകും. രാത്രി പത്ത് മണിയോടെയാണ് തിരിച്ച് വരിക. ഈ സമയം കുട്ടികൾ മൂന്നും ഏറുമാടത്തിലായിരിക്കും. രാവിലെ പിതാവ് ഉണ്ടാക്കി നൽകുന്ന കഞ്ഞി മാത്രമായിരുന്നു ഇവരുടെ ആഹാരം. അമ്മ ഉപേക്ഷിച്ച് പോയതാണെന്ന് കുട്ടികൾ പറയുന്നു.
കുട്ടികളുടെ വിദ്യാഭാസം ഉൾപ്പെടെ സംരക്ഷണം ഏറ്റെടുത്തതായി ജില്ല ശിശു സംരക്ഷണ ഓഫിസർ വി.ഐ. ലിഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.