‘ആശമാർക്ക് അധിക ജോലിയെന്നത് തെറ്റായ പ്രചാരണം, ദേശീയ ഗൈഡ് ലൈനിൽ കൂടുതൽ ജോലിയൊന്നും ചെയ്യുന്നില്ല’ -മന്ത്രി വീണാ ജോർജ്

‘ആശമാർക്ക് അധിക ജോലിയെന്നത് തെറ്റായ പ്രചാരണം, ദേശീയ ഗൈഡ് ലൈനിൽ കൂടുതൽ ജോലിയൊന്നും ചെയ്യുന്നില്ല’ -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം മൂന്നിരട്ടിയായി വർധിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രായോഗികമാണെന്ന് മന്ത്രി വീണാ ജോർജ്. ആശ വർക്കർമാരുമായുള്ള ചർച്ചക്കുശേഷം വാർത്തസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.

ആശ വർക്കർമാർ പറഞ്ഞതെല്ലാം അനുഭാവപൂർവം കേട്ടു. ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കരുതെന്ന നിലപാട് സർക്കാറിനില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് 26,125 ആശ വർക്കർമാരാണുള്ളത്. ഇതിൽ 400 - 450 പേരാണ് സമരത്തിനെത്തിയത്. കേരളത്തിൽ ആശമാർക്ക് അധിക ജോലിയെന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. കേരളത്തിലെ ആശമാർ ദേശീയ ഗൈഡ് ലൈനിൽ കൂടുതൽ ജോലിയൊന്നും ചെയ്യുന്നില്ല.

സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നത് സംസ്ഥാനത്തിന് തിരുത്താനാവുന്ന ഒന്നല്ല. ഇതിന് മാറ്റം വേണമെന്ന ആശമാരുടെ ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കും. ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽക്കാണും.

13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന വിവരം ഒന്നര വർഷം മുമ്പ് അറിയിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ആശമാർക്ക് മറ്റൊരു തൊഴിലും ചെയ്യാൻ കഴിയില്ലെന്നത് കോവിഡ് കാലത്ത് വെച്ച നിബന്ധനയാണ്. 2021 നവംബർ 17ന് സ്റ്റേറ്റ് മിഷൻ പുറത്തിറക്കിയ സർക്കുലറിൽ മുഴുവൻ സമയ ജോലികൾ ചെയ്യരുതെന്നും ഭാഗികമായി മറ്റ് ജോലികൾ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു ആശ വർക്കറും 62 വയസ്സിൽ പുറത്താകുന്നില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ സമരത്തിന് പിന്തുണ- ധനമന്ത്രി

തിരുവനന്തപുരം: ആശമാരുടെ സമരത്തോട് പിന്തുണയാണുള്ളതെന്നും അവർക്കൊപ്പം സർക്കാറുണ്ടെന്നും ധനമന്ത്രി. എന്നാൽ, സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ കോൺഗ്രസ് വീഴരുതെന്നും അദ്ദേഹം പറഞ്ഞു. ആശമാർക്ക് ഇൻസെന്റിവ് കൊടുക്കാത്ത ബി.ജെ.പി സർക്കാറിന്റെ പ്രതിനിധി ഇവിടെ വന്ന് കുടയും കുപ്പായവും കൊടുക്കുകയാണ്. സ്കീം വർക്കേഴ്സിന് പണം കൂട്ടുന്നില്ലെന്ന കാര്യം താനും കർണാടകയുടെയും ഹിമാചലിന്റെയും ധനമന്ത്രിമാരും ജി.എസ്.ടി കൗൺസിലിൽ വർഷങ്ങളായി പറയുന്നതാണ്. ഇത് മുഖവിലക്കെടുക്കാത്ത കേന്ദ്രസർക്കാർ ഇവിടെ സന്തോഷത്തോടെ വന്ന് സമരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സിക്കിം നൽകുന്നത് 10,000; ആവർത്തിച്ച് കേന്ദ്രം

ന്യൂഡൽഹി: ആശമാർക്ക് സിക്കിം സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം 10,000 രൂപയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപറാവു ഗണപതി ജാദവ് രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. കേരളത്തിൽ ഓണറേറിയം 6,000 രൂപയാണ്. തെലങ്കാനയിൽ 6,750 രൂപയാണ് പ്രതിമാസം നൽകുന്നത്. ആശമാരുടെ ഓണറേറിയവും ഇൻസെന്റീവും 2022ലാണ് പരിഷ്‍കരിച്ചത്. ഇതുപ്രകാരം, അടിസ്ഥാന ഇൻസെന്റീവ് 2,000 രൂപയാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തുക ലഭിക്കും. 1,000 പേർക്ക് ഒരു ആശ എന്നതാണ് പൊതുമാനദണ്ഡം. നഗരപ്രദേശങ്ങളിൽ 2500 വരെയാകുന്നുണ്ട്. അപകടമരണം സംഭവിക്കുന്ന ആശമാർക്ക് രണ്ട് ലക്ഷം രൂപ സഹായം ലഭിക്കും. 60 വയസ്സ് പൂർത്തിയാക്കി വിരമിക്കുന്നവർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ നൽകുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 

Tags:    
News Summary - VEENA GEORGE AGAINST ASHA WORKERS PROTEST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.