തിരുവനന്തപുരം: 2023ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച കേരള കായിക നയത്തിൽ പ്രഖ്യാപിച്ച പരിഷ്കരണങ്ങളും പദ്ധതികളും കേരള സ്പോർട്സ് നിയമത്തിന്റെ ഭാഗമാക്കാനായുള്ള ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ചു. കായികമന്ത്രി വി. അബ്ദുറഹിമാൻ അവതരിപ്പിച്ച ബിൽ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം, സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണം, വിതരണം തുടങ്ങിയ കാര്യങ്ങളിൽ പങ്കാളിത്ത സ്വഭാവം കൊണ്ടുവരാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
സ്പോർട്സ് അക്കാദമികളുടെ നിർമാണത്തിലും കായികമേളകളുടെ നടത്തിപ്പിനും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം ക്ഷണിക്കാനുള്ള വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാണ്. സ്പോർട്സ് അരീനകൾ, ടർഫുകൾ വെൽനസ് സെന്ററുകൾ തുടങ്ങിയവക്ക് മാനദണ്ഡം നിശ്ചയിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ദേശീയ അക്കാദമികളുടെ ശൃംഖല സ്ഥാപിക്കൽ, സ്പോർട്സ് താരങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പോർട്സ് പാഠ്യപദ്ധതി തയാറാക്കുന്നതിന് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകൽ, വനിതകളും ഭിന്നശേഷിക്കാരുമായ കായികതാരങ്ങൾക്ക് പ്രത്യേക കളിസ്ഥലങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കായിക മേഖലയിലുള്ള സ്വകാര്യ സംഘടനകൾ സർക്കാറിൽ നിന്ന് അനധികൃതമായി ഗ്രാന്റ് വാങ്ങുന്നതായും അത് തിരിച്ചടക്കാൻ നിർദേശിച്ചതായും കായിക മന്ത്രി വി. അബ്ദുറഹിമാൻ.
സംഘടനകൾ പഞ്ചായത്ത് തലങ്ങളിൽ നടത്തിയ അനധികൃത പിരിവ് സംബന്ധിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കളരി, കരാട്ടേ പരിശീലനത്തിനായി അഞ്ച് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അർഹതപ്പെട്ട ഏതെങ്കിലും കായിക താരത്തിന് തൊഴിൽ നിഷേധിക്കപ്പെട്ടെന്ന് എഴുതിത്തന്നാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കായിക മേഖലയിൽ മന്ത്രിയും സംഘടനകളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടമാണ് നടക്കുന്നതെന്ന് ബില്ലിന്മേൽ നടന്ന ചർച്ചയിൽ റോജി എം. ജോൺ കുറ്റപ്പെടുത്തി. അർഹരെ തഴഞ്ഞ് അയോഗ്യരെ തേടിപ്പിടിച്ചാണ് സർക്കാർ ജോലി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.