ആദിവാസി ഭൂമി കൈയേറ്റം: കെ.കെ രമ അട്ടപ്പാടിയിലെത്തി വസ്തുതാന്വേഷണം നടത്തി

കോഴിക്കോട് : ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകൾ അന്വേഷിക്കാൻ കെ.കെ രമ എം.എൽ.എ അട്ടപ്പാടിയിൽ സന്ദർശനം നടത്തി. രാവിലെ 10ന് ആനക്കട്ടിയിലെത്തിയ അന്വേഷണ സംഘം അദ്വാനപ്പെട്ടിയിലെ കൈയേറ്റ ഭൂമികൾ സന്ദർശിച്ചു. മാധ്യമം ഓൺ ലൈൻ വാർത്തയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

നല്ലശിങ്കയിലെ സർവേ നമ്പർ 1275 ൽ ഐ.ടി.ഡി.പി റിപ്പോർട്ട് പ്രകാരം ആദിവാസി ഭൂമി മാത്രമേയുള്ളു. അവശേഷിക്കുന്നത് വനഭൂമിയാണ്. എന്നാൽ, ഇവിടെ ആദിവാസികളല്ലാത്ത നിരവധി പേർ ഭൂമി സ്വന്തമാക്കിയെന്ന് ആദിവാസികൾ എം.എൽ.എയോട് പറഞ്ഞു.

 

ഇവിടെ 2023 ൽ പലരും ഏഴ് ഏക്കർ ഭൂമി വീതമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരൊന്നും അട്ടപ്പാടിക്കാരോ പാലക്കാട് ജില്ലക്കാരോ അല്ലെന്നാണ് അറിയുന്നത്. വ്യാജ ആധാരങ്ങളുടെ പിൻബലത്തിലാണ് ഭൂമി കൈയേറ്റം നടത്തുന്നതെന്നാണ് ആദിവാസികളുടെ ആക്ഷേപം. അതുപോലെ സർവേ നമ്പർ 1819 ൽ ആദിവാസികൾക്ക് സർക്കാർ പട്ടയം നൽകിയ ഭൂമിയാണ്. അവിടെ ആദിവാസികൾക്ക് സർവേ ചെയ്ത് അതിർത്തി തിരിച്ച് നൽകിയിട്ടില്ല.



ഈ സർവേയിൽ നടന്ന കൈയറ്റവും കെ.കെ രമ നോക്കിക്കണ്ടു. ആദിവാസികൾ സർക്കാർ നൽകിയ പട്ടയങ്ങളുമായിട്ടാണ് എം.എൽ.എയെ കാണാനെത്തിയത്. ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ, ടി.എൽ സന്തോഷ്, കെ.പി പ്രകാശൻ, പ്രഫ.കുസുമം ജോസഫ്, എൻ. സുബ്രഹ്മണ്യൻ, സുകുമാരൻ അട്ടപ്പാടി, ടി.ആർ ചന്ദ്രൻ തുടങ്ങി 50 ലധികം പേർ അന്വേഷണ സംഘത്തിന്റെ ഭാഗമായി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി റവന്യൂ മന്ത്രിക്ക് നൽകുമെന്ന് എം.ഗീതാനന്ദൻ മാധ്യമം ഓൺ ലൈനോട് പറഞ്ഞു. 



Tags:    
News Summary - Tribal land encroachment: KK Rama reached Attapadi and conducted a fact finding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.