ആദിവാസി ഭൂമി കൈയേറ്റം : അഗളി സിവില്‍ സ്റ്റേഷനിലേക്ക് ഏഴിന് മാര്‍ച്ച്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി - സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഗളി സിവില്‍ സ്റ്റേഷനിലേക്ക് ഏഴിന് മാര്‍ച്ച് നടത്തുമെന്ന് ആദിവാസി - ദലിത് ബഹുജന സംഘടനകളുടെ സംയുക്തസമിതി. സമരം കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്നാണ് കെ.കെ. രമ അടക്കമുള്ള സാമൂഹിക പ്രവർത്തകർ അട്ടപ്പാടിയിലെ കൈയേറ്റങ്ങൾ പരിശോധിക്കാൻ സ്ഥല സന്ദർശനം നടത്തിയത്.

കാറ്റാടി കമ്പനിയുടെ ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിൽ വരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും തുടർ നടപടികളുണ്ടായില്ല. വിജിലൻസ് റിപ്പോർട്ടിലും വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെ പട്ടികജാതി- വർഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സർക്കാർ ഇത്തരത്തിൽ നടപടികളൊന്നും സ്വീകരിക്കാതെ ഭൂമാഫിയ സംഘത്തെ സംരക്ഷിക്കുകയാണ് ചെയ്തത്. തുടർ അന്വേഷണങ്ങള്‍ ദുർബലപ്പെടുത്തിയതാണ് പുതിയ കൈയേറ്റങ്ങൾക്ക് ശക്തിപകരുന്നതെന്ന് എം. ഗീതാനന്ദൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

കാറ്റാടി ഭൂമി വിവാദകാലത്തെ സർവേ നമ്പർ 1275 ലടക്കം നിരവധി ഭൂമി കൈമാറ്റങ്ങൾ നടന്നുവെന്നാണ് ആദിവാസികളുടെ പരാതി. രജിസ്ട്രാര്‍ ഓഫീസും ലാന്‍റ് ട്രൈബ്യൂണലും റവന്യൂ ഓഫീസുകളിലും പടര്‍ന്നു പന്തലിച്ച വ്യാജരേഖ ലോബി 2010ല്‍ ചീഫ് സെക്രട്ടറി തലത്തില്‍ നടത്തിയ ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ടിനെയും വിജിലന്‍സ് റിപ്പോര്‍ട്ടിനെയും നോക്കുകുത്തിയാക്കി പുതിയ കൈയേറ്റങ്ങൾക്ക് കുടപിടിക്കുകയാണ്. 2010ല്‍ സർവേ 1275ല്‍ വനം വകുപ്പ് സംരക്ഷിച്ച 42 ഏക്കര്‍ വനഭൂമിയിലെ മരങ്ങള്‍ ഉള്‍പ്പെടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുടച്ചുനീക്കിയെന്ന് ആദിവാസികൾ പരാതിയിൽ പറയുന്നു.

മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ 1999ല്‍ പട്ടയം നല്‍കിയ സർവേ നമ്പര്‍ 1819ലും വ്യാപകമായി കൈയേറ്റം നടക്കുന്നു. നിയമവാഴ്ച ഇല്ലാതായതിനാല്‍ കിഴക്കന്‍ അട്ടപ്പാടിയിലെ ആദിവാസി - സര്‍ക്കാര്‍ ഭൂമി ഏറെ താമസിയാതെ പൂർണമായും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈയിലെത്തും. ആദിവാസികള്‍ വംശീയമായി തുടച്ചുനീക്കപ്പെടും. കാരണം വ്യാജരേഖാ കൈയേറ്റങ്ങള്‍ ഈ സർവേ നമ്പറുകളില്‍ മാത്രം ഒതുങ്ങുന്നില്ല.

അതിനാല്‍ നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും ആദിവാസി - സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ സുകുമാരന്‍ അട്ടപ്പാടി, ടി.ആർ. ചന്ദ്രൻ, സി.എസ്. മുരളി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Tribal land encroachment: March to Agali Civil Station on 7th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.