ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിന് അദാനിയെക്കൂടി ഉൾപ്പെടുത്തി പുതിയ കണ്‍സോർട്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. വിമാനത്താവള നടത്തിപ്പിനുള്ള ലേലനടപടികളുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. അദാനി, എം.എ. യൂസഫലി അടക്കമുള്ള നിക്ഷേപകരെ ഉൾപ്പെടുത്തി സര്‍ക്കാർ നിയന്ത്രണത്തില്‍ പുതിയ കണ്‍സോർട്യം രൂപവത്കരിക്കാനാണ് ആലോചിക്കുന്നത്. കണ്‍സോർട്യത്തില്‍ അദാനിയെ ഉൾപ്പെടുത്തുന്നതോടെ വിമാനത്താവളം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.വിമാനത്താവള സ്വകാര്യവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച ബിഡില്‍ സംസ്ഥാന സര്‍ക്കാറും കെ.എസ്.ഐ.സി.ഡിയും ചേർന്നുള്ള കണ്‍സോർട്യവും പെങ്കടുത്തിരുന്നു. ബിഡിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. കെ.എസ്.ഐ.സി.ഡി രണ്ടാമതും.
വിമാനത്താവളത്തിന് സ്ഥലം നല്കിയ സംസ്ഥാന സര്ക്കാറിനുേവണ്ടി പെങ്കടുത്ത കെ.എസ്.ഐ.ഡി.സിക്ക് ബിഡില്‍ രേഖപ്പെടുത്തിയ തുകക്ക് മുകളില്‍ പത്ത് ശതമാനത്തിെൻറ ഓഹരി വിഹിത അനുകൂല്യവും നൽകിയിരുന്നു. എന്നാൽ, ഓഹരി വിഹിതത്തിെൻറ ഇൗ ആനുകൂല്യം നല്‍കിയാല്‍പോലും ബിഡില്‍ അദാനി ഗ്രൂപ് നല്കിയ തുകക്ക് താഴെയാണ് കെ.എസ്.ഐ.ഡി.സി രേഖപ്പെടുത്തിയിരുന്നത്. ഇതോടെ വിമാനത്താവളം അദാനിക്ക് ഉറപ്പിക്കുകയും ചെയ്തു. കരാര്‍ പ്രകാരം ഫെബ്രുവരി 28ന് അദാനി വിമാനത്താവളം ഏെറ്റടുക്കേണ്ടതായിരുന്നു. ഇതിനിടെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍നടപടികള്‍ കേന്ദ്രം തല്ക്കാലം നിര്‍ത്തിവെച്ചു.
പിന്നീട് നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽകണ്ടു. സംസ്ഥാനത്തിെൻറ നിവേദനം പരിശോധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചത്. ഇതിനെതുടർന്ന് തിരുവനന്തപുരം ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ കമ്പനി രൂപവത്കരിച്ചെങ്കിലും രജിസ്റ്റർ ചെയ്തിട്ടില്ല. ടിയാലിനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി രജിസ്റ്റർ ചെയ്യാൻ കെ.എസ്.ഐ.സി.ഡിക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇൗ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അദാനിയെക്കൂടി ഉൾപ്പെടുത്തി പുതിയ കൺസോർട്യം രൂപവത്കരിക്കാനുള്ള ആലോചന തുടങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.