തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് കെ.ജി.എം.സി.ടി.എ. കേരളത്തിലെ ഒരു ആശുപത്രിയിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാനുളള നടപടികളാണ് വേണ്ടതെന്നും അവർ പറഞ്ഞു.
കോവിഡ് നോഡൽ ഓഫീസർ ആയ ഡോക്ടറെയും, രണ്ട് ഹെഡ് നഴ്സ്മാരെയുമാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഇരുട്ടു കൊണ്ട് ഓട്ടയടക്കുക എന്നു മാത്രമേ നടപടിയെ വിശേഷിപ്പിക്കാൻ പറ്റൂ. മെഡി.കോളേജുകളിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെയും കാര്യങ്ങൾ എങ്ങനെ നടന്നു പോകുന്നു എന്ന് ഒട്ടും ആലോചിക്കാതെയുള്ള അപക്വമായ നിലപാടാണിതെന്നും അവർ പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ മെഡിക്കൽ കോളേജുകളിൽ അധ്യാപനത്തോടൊപ്പം കോവിഡ് രോഗികളുടെ ചികിത്സ, നോൺ കോവിഡ് രോഗികളുടെ ചികിത്സ, മെഡിക്കൽ കോളേജുകളോടനുബന്ധിച്ചുള്ള സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനം തുടങ്ങി എത്രയോ അധിക ജോലി ബാധ്യത വന്നു.
ഡോക്ടർമാരും ജീവനക്കാരും പി.പി.ഇ കിറ്റ് ധരിക്കുന്നതിനാൽ ആശയ വിനിമയത്തിലും കാര്യങ്ങൾ ചെയ്യുന്നതിലും കടുത്ത പ്രതിബന്ധങ്ങൾ ഉണ്ടായി. മറ്റു സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് അധിക ശമ്പളം വാഗ്ദാനം ചെയ്തപ്പോൾ ഇവിടെ ശമ്പളം പിടിച്ചു വെക്കുന്നു.
യഥാർത്ഥ പ്രശ്നങ്ങളെ നോക്കിക്കാണാതെ പൊതുബോധത്തെ തൽക്കാലം തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഈ തീരുമാനത്തെ കാണാൻ കഴിയുള്ളൂ. സസ്പെൻഷൻ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നിങ്ങേണ്ടിവരുമെന്നും പ്രസിഡന്‍റും സെക്രട്ടറിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.