കോഴിക്കോട് : സുനാമി പുനരധിവാസത്തിന് അനുവദിച്ച ഫണ്ടിൽ ചെലവഴിക്കാത്ത ബാക്കി തുക എന്തു ചെയ്തുവെന്ന് റവന്യൂവകുപ്പിന് അറിയില്ലെന്ന് എ.ജിയുടെ റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിൽ നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതുസംബന്ധിച്ച് കണക്കുകളൊന്നും റവന്യു വകുപ്പിൽ നിലവിലില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
സംസ്ഥാനത്ത് 2004 ഡിസംബറിലുണ്ടായ സുനാമി ദുരന്തത്തെത്തുടർന്ന്, 2007-08, 2012-13 വർഷങ്ങളിലാണ് സുമാമി ബാധിതരുടെ വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കാല്ലം, തിരുവനന്തപുരം കലക്ടർമാർക്ക് ഫണ്ട് അനുവദിച്ചത്. 2017 മാർച്ച് വരെ 7.03 കോടി (തിരുവനന്തപുരത്ത് 76 ലക്ഷം, കൊല്ലത്ത് 6.27 കോടി) വിനിയോഗിക്കാതെ കിടന്നു. ഈ തുക സംബന്ധിച്ച് വിശദീകരണങ്ങൾ ഓഡിറ്റ് റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും കണക്കുകൾ നൽകിയില്ല.
പുനരധിവാസ പ്രവർത്തനത്തിന് വിനിയോഗിക്കാതെ ബാക്കിയായ തുക എന്തുചെയ്തുവെന്ന് റവന്യൂവകുപ്പിന്റെ കൈവശം വ്യക്തമായ കണക്കില്ല. ചെലവഴിച്ചെങ്കിൽ അതിനുള്ള വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിനിയോഗിക്കാത്ത തുക കേന്ദ്ര സർക്കാരിന് തിരിച്ചടക്കണമെന്നാമ് വ്യവസ്ഥ. അത് ചെയ്തോവെന്നും ഇതുവരെ റവന്യൂവകുപ്പിന്റെ ഫയലുകളിൽ നിന്ന് വ്യക്തമല്ല.
കൊല്ലം ജില്ലയെ സംബന്ധിച്ചുള്ള ചെലവ് കണക്ക് പരിശോധിച്ചതിൽ ആദ്യം 22.31 ലക്ഷവും പിന്നീട് 15.68 ലക്ഷവും ശമ്പള കുടിശ്ശികക്കും ശമ്പള പരിഷ്കരണ കുടിശ്ശികക്കുമായി ചെലവഴിച്ചുവെന്നാണ് സംസ്ഥാന ഹൗസിംഗ് ബോർഡ് ചീഫ് എഞ്ചിനീയർ നൽകുന്ന മറുപടി. സുനാമി ഫണ്ടിൽ നിന്ന് ഇത്തരം ആവശ്യത്തിന് വിനിയോഗിച്ചതിന് വ്യക്തത ആവശ്യമാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
തിരുവനന്തപുരം സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർക്ക് 1.47 കോടി അനുവദിച്ചിരുന്നു. ഈ തുക ചെലവഴിച്ചത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും റവന്യൂ വകുപ്പിൽ ലഭ്യമല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ റവന്യൂവകുപ്പ് ഓഡിറ്റ് നിരീക്ഷണങ്ങൾ അതത് കലക്‌ടറേറ്റുകൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിയിച്ചത്. പുനരധിവാസ മേഖലയിൽ വായു സഞ്ചാരമില്ലാത്ത വീടുകളും ജനലുകളില്ലാത്ത ഫ്ലാറ്റുകളും നിർമിച്ചു നൽകിയെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.