തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഷത്തിൽ രണ്ടു തവണ വിദ്യാർഥി പ്രവേശനം നടത്തുന്ന രീതി നടപ്പാക്കുന്നതിന് പ്രതിബന്ധങ്ങൾ ഏറെ. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉൾപ്പെടെയുള്ളവ ഇരട്ടിയാക്കേണ്ടി വരുന്നതാണ് പ്രധാന വെല്ലുവിളി. വിദേശ സർവകലാശാലകൾ പിന്തുടരുന്ന രീതി നടപ്പാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ മുന്നോട്ടുവരുമെങ്കിലും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് തടസ്സങ്ങളേറെയാകും.
വിദേശ സർവകലാശാലകളിൽ സമ്മർ, വിന്റർ സെഷൻ എന്നനിലയിലാണ് രണ്ടു തവണ പ്രവേശനം നടത്തുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ കൂടി ലക്ഷ്യമിട്ടാണ് വിദേശ സർവകലാശാലകൾ ഈ രീതി നടപ്പാക്കുന്നത്. രണ്ട് സെഷനിൽ പ്രവേശനം നടക്കുന്നതോടെ മുഴുവൻ കോഴ്സുകൾക്കും ഇരട്ടി ബാച്ചുകളുണ്ടാകും. 10 കോഴ്സുള്ള സ്ഥാപനത്തിൽ ഓരോ കോഴ്സിനും വ്യത്യസ്ത സെമസ്റ്റർ ബാച്ചുകളാണ് ഒരേസമയമുണ്ടാവുക. പുതിയ രീതി നടപ്പാക്കുന്നതോടെ ഓരോ കോഴ്സിനും നിലവിലുള്ളതിന്റെ ഇരട്ടി ബാച്ചുകളായി വർധിക്കും. ഇതിന് കൂടുതൽ ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരും. അധ്യാപകരുടെ എണ്ണവും വർധിപ്പിക്കേണ്ടിവരും.
സർക്കാർ, എയ്ഡഡ് കോളജുകളിൽ ക്ലാസ് മുറികളും അധ്യാപകരുടെ എണ്ണവും വർധിപ്പിക്കാൻ പ്രയാസം ഏറെയായിരിക്കും. പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിനിന്നാൽ പുതിയ രീതിയുടെ ഗുണമെടുക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളായിരിക്കും. ഒട്ടേറെ സ്വകാര്യ അൺഎയ്ഡഡ് കോളജുകൾ ഇതിനകം നാകിന്റെ ഉയർന്ന ഗ്രേഡും സ്വയംഭരണ പദവിയും നേടി പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്കും രണ്ട് സെഷനിൽ പ്രവേശനം നടത്തി കൂടുതൽ വിദ്യാർഥികളെ പ്രവേശനം നടത്താനും സാധിക്കും.
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് ധാരണയാവുകയും കരട് ബിൽ തയാറാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ജൂലൈ -ആഗസ്റ്റ് സെഷന് പുറമെ, ജനുവരി -ഫെബ്രുവരി സെഷനിൽ കൂടി വിദ്യാർഥി പ്രവേശനം നടത്താൻ അനുമതി നൽകുന്നതാണ് യു.ജി.സി തീരുമാനം.
തിരുവനന്തപുരം: രണ്ട് സെഷനിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി നൽകുമ്പോഴും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിങ്ങിൽ മൗനം പാലിച്ച് യു.ജി.സി. പുതിയരീതി നടപ്പാക്കുമ്പോൾ സർവകലാശാലകൾക്കും കോളജുകൾക്കും അടിസ്ഥാന സൗകര്യമൊരുക്കാനും അധ്യാപക നിയമനത്തിനും വൻ സാമ്പത്തിക ബാധ്യത വരും.
സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ, എയ്ഡഡ് മേഖലയിലുള്ള സ്ഥാപനങ്ങൾ രണ്ട് സെഷൻ രീതി നടപ്പാക്കുന്നതിൽ പിറകോട്ടടിക്കും. ഇതു സ്വകാര്യ സ്ഥാപനങ്ങൾക്ക് നേട്ടമായി മാറും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിങ്ങിൽ യു.ജി.സി സമീപകാലത്ത് വൻ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.