വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കാർ ഓടിച്ച കണിയാമ്പറ്റ പച്ചിലക്കാട് പുത്തൻപീടികയിൽ ഹർഷിദ് (23), അഭിരാം എന്നിവരാണ് പിടിയിലായത്. ഹർഷിദാണ് വാഹനം ഓടിച്ചിരുന്നതെന്നും മാതനെ റോഡിലൂടെ വലിച്ചിഴച്ചത് അഭിരാം ആണെന്നും പൊലീസ് പറഞ്ഞു.
മാനന്തവാടി പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് (50) ക്രൂരതക്കിരയായത്. മാനന്തവാടിയിൽനിന്ന് 12 കിലോമീറ്റർ അകലെ കൂടൽകടവ് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ചുവന്ന മാരുതി സെലോരിയോ കാറിലും മറ്റൊരു വെള്ള കാറിലുമായി കൂടൽക്കടവ് ചെക്ക് ഡാം സന്ദർശിക്കാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനാണ് മാതനെ വിനോദസഞ്ചാരികൾ ആക്രമിച്ചത്.
ഒരു കാർ ചെക്ക്ഡാമിൽനിന്ന് മടങ്ങി മാനന്തവാടി പുൽപള്ളി റോഡിൽ കൂടൽക്കടവ് ജങ്ഷനിൽ പാർക്ക് ചെയ്തു. ഇതിൽ നിന്നിറങ്ങിയ ഒരാൾ വാക്കേറ്റത്തിൽ ഏർപ്പെട്ട കാറുകാരെ എറിയാൻ കല്ലുമായി റോഡരികിൽ നിലയുറപ്പിച്ചു. അടുത്തുള്ള കടയിലുണ്ടായിരുന്ന മാതൻ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. മറ്റേ കാർകൂടി എത്തിയതോടെ വീണ്ടും വാക്കേറ്റമായി.
എറിയാൻ ശ്രമിച്ചയാളിൽനിന്ന് കല്ല് പിടിച്ചുവാങ്ങാൻ ശ്രമിച്ച മാതന്റെ വലതുകൈ കാറിന്റെ വാതിലിനിടയിൽപ്പെട്ടു. ഈ കാർ മുന്നോട്ടെടുത്തു. കാറിലുള്ളയാൾ മാതന്റെ കൈ കൂട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ മാതനെ വലിച്ചിഴച്ച് കാർ മുന്നോട്ടുനീങ്ങി. നാട്ടുകാർ ഒച്ചവെച്ചിട്ടും ശ്രദ്ധിക്കാതെ അരകിലോമീറ്റർ പോയ കാർ മാതനെ ദാസനക്കര ജങ്ഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അരക്ക് താഴെയും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ പിന്നാലെ എത്തിയ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലിച്ചിഴച്ച കാറിന് പുറകിൽ വന്ന കാറിലുണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തിൽ ഹർഷിദിനെ മുഖ്യ പ്രതിയാക്കി മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ കെ.എൽ.52 H8733 ചുവന്ന നിറത്തിലുള്ള മാരുതി സെലേറിയോ കാറിലാണ് മാതനെ വലിച്ചിഴച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മുഖ്യ പ്രതി ഹർഷിദിന്റെ കണിയാമ്പറ്റയിലെ വീട്ടിൽനിന്ന് കാർ കണ്ടെത്തി. പിന്നീട് മാനന്തവാടി സ്റ്റേഷനിൽ എത്തിച്ചു. മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തു.
തന്നോട് എന്തിനാണ് ഈ ക്രൂരത കാട്ടിയതെന്ന് ചോദിക്കുകയാണ് മാതൻ. കാറിൽ റോഡിലൂടെ വലിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതൻ ആശുപത്രിയിലിരുന്നാണ് ഇത് ചോദിക്കുന്നത്. കൂടൽക്കടവ് ചെക്ക് ഡാമിൽ കുളിക്കാനെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മാതൻ പറഞ്ഞു. ബഹളം കേട്ട് പോയിനോക്കിയതാണ്. ഒന്നും ചോദിച്ചില്ല.
അടുത്തെത്തിയപ്പോഴേക്കും എന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. റോഡിലിട്ട് വലിച്ചപ്പോൾ ശരീരത്തിലെ തൊലി ഉരിഞ്ഞുപോയി. അരക്കു താഴെയും സാരമായി പരിക്കേറ്റ മാതനെ നാട്ടുകാരാണ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.