കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ടു. കോഴിക്കോട് നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കോയമ്പത്താണ് പാർട്ടി വിട്ടത്.
സി.പി.എം വിട്ട അക്ബറലി കോൺഗ്രസിൽ ചേർന്നു. ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ല സെക്രട്ടറി പി. മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയത്. ന്യൂനപക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന സമീപനമാണ് സി.പി.എമ്മിന്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി.
സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപണമുന്നയിച്ചതോടെയാണ് എക്സർസൈസ് കോമ്പിനേഷൻ (മെക് 7) എന്ന വ്യായാമ കൂട്ടായ്മയെച്ചൊല്ലി വിവാദമുയർന്നത്. മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പോപുലർ ഫ്രണ്ട് സ്വാധീനവുമുണ്ടെന്ന് കണ്ണൂർ ജില്ലയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ മോഹനൻ ആരോപിക്കുകയായിരുന്നു. എന്നാൽ, ഇത് വിവാദമാകുകയും വ്യാപക വിമർശനമുയരുകയും ചെയ്തതോടെ അദ്ദേഹം നിലപാടിൽ മലക്കംമറിഞ്ഞിരുന്നു. മെക് 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും മെക് 7നെക്കുറിച്ച് തങ്ങൾ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോയെന്നും പി. മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.