അറസ്റ്റിലായ ഫഹദ്, മുഹമ്മദ് അഷറഫ്

യൂസ്ഡ് കാര്‍ വില്‍പനയുടെ മറവിൽ വൻ മയക്കുമരുന്ന് വിൽപന; വേങ്ങരയില്‍ 780 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

വേങ്ങര (മലപ്പുറം): ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് യൂസ്ഡ് കാര്‍ വില്‍പനയുടെ മറവിൽ കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയിൽ. കാറിൽ കടത്തിയ 780 ഗ്രാം എം.ഡി.എം.എയുമായി വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്(34), കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ്(34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് വേങ്ങര കുറ്റാളൂരില്‍ കാറില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ ആണ് ഇവരിൽനിന്ന് കണ്ടെടുത്തത്.

ബാംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ എൽ.എസ്.ഡി, എം.ഡി.എം.എ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസിനാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി.വൈ.എസ്.പി എം. പ്രദീപ്, വേങ്ങര സി.ഐ. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം നടടത്തുകയായിരുന്നു.

ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. സി.കെ. നൗഷാദ്, ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എ.എസ്.ഐമാരായ അശോകന്‍, മുജീബ് റഹ്മാന്‍, സി.പി.ഒമാരായ അനീഷ്, വിക്ടര്‍, ആന്‍റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.​

Tags:    
News Summary - Two arrested with 780 grams MDMA in Vengara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.