പൊലീസിനുനേരെ പടക്കമെറിഞ്ഞ സംഘത്തിലെ രണ്ടുപേർ മയക്കുമരുന്നുകളുമായി പിടിയിൽ

തിരുവനന്തപുരം: പൊലീസിനുനേരെ പടക്കമെറിഞ്ഞ്​ രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേർ മയക്കുമരുന്നുകളുമായി പിടിയിൽ. മാരക മയക്കുമരുന്നായ എം.ഡി.എം.എ, അഞ്ചുകിലോ കഞ്ചാവ്​, ലഹരി ഗുളികകൾ, മൂന്ന്​ എയർപിസ്​റ്റൾ, രണ്ട്​ വെട്ടുകത്തി എന്നിവ ഇവരിൽനിന്ന്​ പിടിച്ചെടുത്തു. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടു. മണക്കാട് കുന്നുംപുറം യോഗീശ്വരാലയം വീട്ടിൽ രജീഷിനെയും​ (22) പ്രായപൂർത്തിയാകാത്തയാളെയുമാണ്​ സിറ്റി നാർകോട്ടിക് സെൽ സ്പെഷൽ ടീമി​െൻറ സഹായത്തോടെ കരമന പൊലീസ് അറസ്​റ്റ്​ ചെയ്തതെന്ന്​ സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.

കിള്ളിപ്പാലം കിള്ളി ടൂറിസ്​റ്റ്​ ഹോമിൽ മുറിയെടുത്ത് ലഹരിവസ്തുക്കൾ വിറ്റുവന്ന സംഘത്തെ പിടികൂടാനെത്തിയ പൊലീസിനുനേരെയാണ്​ പ്രതികൾ നാടൻ പടക്കമെറിഞ്ഞത്​. പൊലീസ് രണ്ടുപേരെ കീഴ്പ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി. പൊലീസിനുനേരെ പടക്കമെറിഞ്ഞ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഹോട്ടലി​െൻറ മൂന്നാം നിലയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയുടെതാണ് ദൃശ്യം. ഇയാൾ ഷർട്ട് ധരിച്ചിരുന്നില്ല. പടക്കമെറിഞ്ഞശേഷം കടയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും ഉടമ അനുവദിച്ചില്ല. തുടർന്ന് ഓട്ടോറിക്ഷ സ്​റ്റാൻഡിലെത്തി പേരൂർക്കട ഭാഗത്തേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അസ്വാഭാവികത തോന്നിയതിനെതുടർന്ന് ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുന്നതി​െൻറ വിഡിയോയാണ് പുറത്തുവന്നത്.

മയക്കുമരുന്ന് സംഘങ്ങൾ തമ്മിലെ തർക്കംമൂലം നഗരത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾ ചർച്ചയായിരുന്നു. ഇതിനെതുടർന്ന് നാർകോട്ടിക് സെൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. നാർകോട്ടിക് സെൽ സംഘവും കരമന പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്​ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്​.

നാർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, ഫോർട്ട് എ.സി.പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ അനീഷ് ബി, എസ്.ഐമാരായ മിഥുൻ, അശോക് കുമാർ, ബൈജു, വിൽഫ്രഡ് ജോ, എസ്.സി.പി.ഒ സജി, സി.പി.ഒമാരായ വിനോജ്, സുജിത്ത്, ശ്രീനു, സിറ്റി നാർകോട്ടിക് സെൽ അംഗങ്ങളായ സജികുമാർ, വിനോദ്, രഞ്ജിത്, പ്രശാന്ത്, ലജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - Two arrested with drugs in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.