മൂവാറ്റുപുഴ: തടിമിൽ ജീവനക്കാരായ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശികളായ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അടൂപ്പറമ്പ് കമ്പനിപ്പടിക്ക് സമീപത്തെ തടിമില്ലിലെ താമസസ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടത്. ഒരാൾ നിലത്ത് ചരിഞ്ഞും മറ്റൊരാൾ കമിഴ്ന്നും കിടക്കുന്ന നിലയിലായിരുന്നു. രണ്ടുപേരുടെയും കഴുത്ത് അറുത്ത നിലയിലാണ്.
ഇവർക്കൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്കിനായി (22) അന്വേഷണം ആരംഭിച്ചു. കൂടെ ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇവർ താമസിച്ചിരുന്ന ഔട്ട് ഹൗസിന്റെ പിറകിലെ മുറിയിലാണ് സന്തോഷ് താമസിച്ചിരുന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഗോപാൽ രക്ഷപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഗോപാലിനെ രാവിലെ മുതല്‍ കാണാനില്ലെന്നും ഇയാള്‍ നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നെന്നും സമീപവാസികൾ വ്യക്തമാക്കി. ഗോപാൽ ഞായറാഴ്ച പുലർച്ച നാട്ടിലേക്കു പോകുമെന്ന് അറിയിച്ചിരുന്നുവെന്നും ശനിയാഴ്ച രാത്രി ശമ്പളം വാങ്ങിയിരുന്നെന്നും തടിമിൽ ഉടമയും മൊഴി നൽകി. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. ഇയാൾ ഇവിടെ ജോലിക്കെത്തിയിട്ട് അധികം നാളായിട്ടില്ല.
മാറാടി സ്വദേശി ഷാഹുൽ ഹമീദ് നടത്തുന്ന തടിമില്ലിൽ എട്ടു വർഷമായി ജോലി ചെയ്യുന്നവരാണ് മരിച്ച തൊഴിലാളികൾ. ഇവരിൽ ഒരാളുടെ ഭാര്യ ഞായറാഴ്ച രാവിലെ മുതൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഷാഹുൽ ഹമീദിനെ അറിയിക്കുകയായിരുന്നു.
ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം സമീപത്തെ ബേക്കറി ജീവനക്കാരനെത്തി നോക്കിയെങ്കിലും മദ്യപിച്ച് ഉറങ്ങുകയാണെന്ന നിഗമനത്തിൽ മടങ്ങി. പിന്നീടും വീട്ടിൽനിന്ന് വിളിവന്നതോടെ മില്ലിലെ മാനേജറെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.