പീരുമേട്: ദേശീയപാത 183ൽ പെരുവന്താനത്തിന് സമീപം അമലഗിരിയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് അയ്യപ്പഭക്തർ മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായൺ(45), ഈശ്വരപ്പ (43) എന്നിവരാണ് മരിച്ചത്. പിന്നിൽനിന്ന് വന്ന ബസ് ഇടിച്ച് മുന്നോട്ട് നീങ്ങിയ ടെേമ്പാ ട്രാവലറിനടിയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് അപകടം.
അമലഗിരി ജങ്ഷന് സമീപം കൊടുംവളവിൽ കഴിഞ്ഞ മഴക്ക് റോഡ് തകർന്ന ഭാഗത്ത് ഒരു വാഹനത്തിന് കടന്നു പോകാനുള്ള സ്ഥലമേയുള്ളൂ. ഇവിടെവെച്ച് ബ്രേക്ക് ചെയ്ത തൊടുപുഴ സ്വദേശികളുടെ കാറിന് പിന്നിൽ ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ ഇടിക്കുകയും ഇരു വാഹനങ്ങൾക്കും നിസ്സാര കേടുപാട് സംഭവിക്കുകയും ചെയ്തു. തുടർന്ന്, ട്രാവലറിൽ നിന്നിറങ്ങിയ തീർഥാടകർ കാർ യാത്രക്കാരുമായി തർക്കിക്കുന്നതിനിടെ എതിർവശത്തെ കയറ്റം കയറി ലോറിയും മുകളിൽനിന്ന് ശബരിമല തീർഥാടകരുടെ മറ്റൊരു ബസും എത്തി.
വീതി കുറഞ്ഞ സ്ഥലത്ത് ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ച് മാറ്റുന്നതിനിടെ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു കുതിച്ച ട്രാവലർ മുന്നിൽ നിന്ന രണ്ട് തീർഥാടകരുടെ ദേഹത്ത്കൂടി കയറിയിറങ്ങി കാറിലും കാർ എതിരെ വന്ന ലോറിയിലും ഇടിച്ചു. ട്രാവലറിന് അടിയിൽ കുടുങ്ങിയ രണ്ട് തീർഥാടകരും തൽക്ഷണം മരിച്ചു.
പെരുവന്താനം പൊലീസും പീരുമേട് ഫയർഫോഴ്സും നാട്ടുകാരും ഏറെ ക്ലേശിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്്റ്റ് മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. വാഴൂർ സോമൻ എം.എൽ.എയും അപകട സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.