ചാരുംമൂട് (ആലപ്പുഴ): പ്രഭാത നടത്തത്തിനിറങ്ങിയവരുടെ ഇടയിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി മൂന്നു പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. മരിച്ചവർ മൂവരും ആത്മസുഹൃത്തുക്കളാണ്. വാഹനം നിർത്താതെപോയെങ്കിലും ഡ്രൈവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നൂറനാട് എരുമക്കുഴി പത്താംമൈൽ വാലുകുറ്റിയിൽ വി.എം. രാജു (66), എരുമക്കുഴി കമലാമന്ദിരം രാമചന്ദ്രൻ നായർ (73), പണയിൽ താഴമംഗലത്ത് വിക്രമൻ നായർ (58) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പണയിൽ സോപാനം രാജശേഖരൻ നായർ (65) ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 6.15ന് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ പണയിൽ പാലമുക്കിലാണ് അപകടം. വർഷങ്ങളായി ഒരുമിച്ച് നടക്കാനിറങ്ങുന്ന ഇവർ പതിവുപോലെ വെള്ളച്ചിറ വരെ നടന്നശേഷം തിരികെ വരുമ്പോഴാണ് അമിതവേഗത്തിൽ വന്ന ലോറി ഇടിച്ചിട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ വാഹനം ടോറസാണെന്ന് തിരിച്ചറിഞ്ഞത്. ഡ്രൈവർ പള്ളിക്കൽ കലതിവിളയിൽ അനീഷ് കുമാർ (30) സ്റ്റേഷനിൽ കീഴടങ്ങി.
പ്രവാസിയായിരുന്ന വി.എം. രാജുവിന്റെ സംസ്കാരം പിന്നീട്. ലിസിയാണ് ഭാര്യ. മക്കൾ: ആനന്ദ്, അമ്പിളി മരുമക്കൾ: നിമ്മി, അനു. രാമചന്ദ്രൻ നായരുടെ സംസ്കാരം ശനിയാഴ്ച നടക്കും. രാധാദേവിയാണ് ഭാര്യ. റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരനായ വിക്രമൻ നായരുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സിന്ധുവാണ് ഭാര്യ. ഐശ്വര്യ, അനഘ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.