തിരുവനന്തപുരം: വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കൊണ്ടും കൊടുത്തും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലേക്ക്. പാനൂരും പൗരത്വവും മുതൽ കേരള സ്റ്റോറിയും തൃപ്പൂണിത്തുറയും വരെ പോരിന് ചൂര് പകരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലപര്യടനത്തിലാണ്.
20 മണ്ഡലങ്ങളിലും ഇടതുതരംഗമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ, ഇരുപതും നേടുമെന്നാണ് എ.കെ. ആന്റണിയുടെ ആത്മവിശ്വാസം. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വിയർപ്പൊഴുക്കുകയാണ് ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മണിപ്പൂരും പൗരത്വ നിയമഭേദഗതിയുമെല്ലാം നേരത്തേതന്നെ ചർച്ചവിഷയമാണ്. മുഖ്യമന്ത്രിയും മുന്നണിയും സി.എ.എ റാലികളുമായി മണ്ഡലങ്ങളിൽ നിറഞ്ഞപ്പോൾ ബി.ജെ.പിയെയും സംസ്ഥാന സര്‍ക്കാറിനേയും ഒരുപോലെ കടന്നാക്രമിച്ചാണ് യു.ഡി.എഫ് കളം നിറഞ്ഞത്. പ്രചാരണ കാലത്തിന്റെ പകുതിയും പിന്നിടുമ്പോഴും പൗരത്വവിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. സി.എ.എ വിഷയം കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താത്തത് ഉയർത്തി യു.ഡി.എഫിനെതിരെ പ്രത്യാക്രമണത്തിനൊരുങ്ങുകയാണ് സി.പി.എം. പത്രികയുടെ എട്ടാം പേജിൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയടക്കം വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ കോൺഗ്രസിനു നേരെ അമ്പു തൊടുത്തത്. മറ്റു നേതാക്കളും മന്ത്രിമാരുമെല്ലാം വിഷയം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
പൗരത്വം വിഷയത്തിൽ സി.പി.എമ്മിന് ആത്മാർഥതയില്ലെന്നും പ്രക്ഷോഭകാലത്ത് എടുത്ത കേസുകൾ പിൻവലിക്കാത്തത് ഇതിനു തെളിവാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായാണ് കോൺഗ്രസ് പ്രകടനപത്രിക സി.പി.എം ചർച്ചയാക്കിയത്. എന്നാൽ, പത്രികയുടെ എട്ടാം പേജിൽ വിഷയം പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. രാഷ്ട്രീയത്തിനപ്പുറം എല്ലാറ്റിനും കാരണം കേന്ദ്രസര്‍ക്കാര്‍ ആണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചും പിന്തുണ ഉറപ്പിക്കാനുള്ള അടവുനയമാണ് അവസാന ലാപ്പിൽ ഇടതുമുന്നണി പയറ്റുന്നത്.
പാനൂർ ഉയർത്തി അക്രമരാഷ്ട്രീയം ചർച്ചയാക്കുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കേരളത്തിൽ ദേശീയ സാഹചര്യങ്ങൾ മുൻനിർത്തി കോൺഗ്രസിന് പരമാവധി വോട്ടുകിട്ടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമാണ് യു.ഡി.എഫ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.