തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളിലും മരണങ്ങളിലും വൻവർധന. 2022ല്‍ 13,334 ഇരുചക്ര വാഹനാപകടങ്ങളിലായി 1288 പേരും ’21ല്‍ 10,154 അപകടങ്ങളിലായി 1069 പേരുമാണ് മരിച്ചത്. ഇക്കുറി നാലു മാസത്തിനിടെ 400ലേറെ പേർ വാഹനാപകടങ്ങളിൽ മരിച്ചു. വാഹനമോടിക്കുന്നവരുടെ പിഴവാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇതര വാഹന ഡ്രൈവര്‍മാരുടെ പിഴവുമൂലം 8,429 അപകടമുണ്ടായി. അതിലൂടെ 648 പേരുടെ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 166 അപകടങ്ങളില്‍ 33 പേരുടെ ജീവന് അപഹരിച്ചത് മദ്യപിച്ച് വാഹനമോടിച്ചതിനാലാണ്. അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ 157 അപകടങ്ങളുണ്ടാക്കി, 31 പേര് മരിച്ചു. പൊലീസ് കണക്കുകള്‍ പ്രകാരം 2022ല്‍ സംസ്ഥാനത്ത് 43,910 റോഡപകടമുണ്ടായി. ഇതില്‍ 4,317 പേര് മരിച്ചു. 34,638 പേര്‍ക്ക് ഗുരുതരവും 14,669 പേര്‍ക്ക് നിസ്സാരവുമായ പരിക്കേറ്റു. 2021ല്‍ 33,296 അപകടങ്ങളിൽ 3,429 പേര് മരിച്ചു. 26,495 പേര്‍ക്ക് ഗുരുതരവും 10,280 പേര്‍ക്ക് നിസ്സാരവുമായ പരിക്കേറ്റു. 20 പൊലീസ് ജില്ലകളില്‍ എറണാകുളം റൂറലാണ് അപകടനിരക്കില്‍ ഏറ്റവും മുന്നില്‍. 4,047 അപകടങ്ങളാണ് ഇവിടെയുണ്ടായത്. 3,666 കേസുകളുമായി ആലപ്പുഴയും 3,260 കേസുകളുമായി തിരുവനന്തപുരം റൂറലുമാണ് തൊട്ടുപിന്നില്‍.
മറ്റു വിഭാഗത്തിലെ വാഹനങ്ങളില്‍ കാറുകള്‍ 2022ല്‍ 12,681 അപകടങ്ങളിൽപെട്ടു. 974 പേർ മരിച്ചു. സ്കൂട്ടറുകള് 4,422 അപകടങ്ങളിൽപെട്ട് 377 പേരുടെ മരണത്തിന് കാരണമായി. ഓട്ടോറിക്ഷകള്‍ 3,664 അപകടങ്ങളിൽപെടുകയും 264 പേര് മരിക്കുകയും ചെയ്തു. സ്വകാര്യ ബസുകള്‍ 1,902 അപകടങ്ങള്‍ക്ക് കാരണമായി. 215 ആളുകളുടെ ജീവന് അപഹരിച്ചു. ലോറികള്‍ 1,714 അപകടങ്ങളിലായി 364 മരണങ്ങള്‍ക്ക് കാരണമായി.
മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കാനാവുന്ന തരത്തിലാണ് കേരളത്തിലെ റോഡുകള്‍. എന്നാൽ, 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന മോട്ടോർ സൈക്കിളുകളാണ് വിപണിയിലുള്ളത്. ഇത്തരം വാഹനങ്ങളിൽ വിവേകമില്ലാതെ പായുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.