ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറു സ്ഥാനമൊഴിയുന്ന മുറക്ക് എം.എം ഹസൻ യു.ഡി.എഫ് കൺവീനറായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻറാവും. ഇത നൊപ്പം രണ്ട് വർക്കിങ് പ്രസിഡൻറുമാർ വരും. കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ എന്നിവരുടെ പേരാണ് പട്ടികയിൽ. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുത്തതിനെച്ചൊല്ലി കലാപം നടക്കുന്നതിനാൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകിയേക്കും. എന്നാൽ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ സംയുക്തമായി ഹൈകമാൻഡിലേക്ക് നൽകിയിരിക്കുന്ന പട്ടിക ഇതാണ്. പൊതുധാരണ എന്ന നിലക്ക് ഇൗ പേരുകൾതന്നെ അംഗീകരിക്കപ്പെടാനാണ് സാധ്യത.
തലമുറ മാറ്റം, യുവപ്രാതിനിധ്യം എന്നിവ കേരളത്തിൽ അനിവാര്യമാണെങ്കിലും പരിചയസമ്പത്തു കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ടു പോകേണ്ടതെന്ന നയമാണ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പേരിന് പൊതുസ്വീകാര്യത നൽകിയത്. സാമുദായിക സമവാക്യങ്ങളും മുല്ലപ്പള്ളിക്ക് അനുകൂലമായി നിൽക്കുന്നു. പി.പി. തങ്കച്ചൻ ഒഴിയേണ്ടി വരുന്ന യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് എം.എം ഹസനെ മിക്കവാറും ഉറപ്പിച്ചത് സാമുദായിക സമവാക്യത്തിനൊപ്പം എ-ഗ്രൂപ് നോമിനി എന്ന പരിഗണന കൂടിയാണ്. പാർട്ടിയുടെയും യു.ഡി.എഫിെൻറയും തലപ്പത്ത് നടത്തുന്ന മാറ്റത്തിൽ മുസ്ലിം പ്രതിനിധി ഉൾപ്പെടണമെന്നാണ് പൊതുതീരുമാനം.
ഉമ്മൻ ചാണ്ടി എ.െഎ.സി.സി ജനറൽ സെക്രട്ടറിയായ സാഹചര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ എ-ഗ്രൂപ്പിെൻറ സ്വാധീനം തുടർന്നു കൊണ്ടുപോകുന്നതിന് കൺവീനർ പദവി ഉപകരിക്കുമെന്നതാണ് ആ ഗ്രൂപ് കാണുന്ന നേട്ടം. പിന്നാക്ക വിഭാഗ പ്രാതിനിധ്യവും യുവപ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് വർക്കിങ് പ്രസിഡൻറുമാരുടെ തസ്തിക. രാജ്യസഭ സീറ്റിനെ ചൊല്ലി കേരളത്തിലുണ്ടായ പൊട്ടിത്തെറിയിൽ ഹൈകമാൻഡിന് അമർഷമുണ്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലോ, നേതാക്കൾക്കിടയിലോ ചർച്ച നടത്താതെ എടുത്ത തീരുമാനത്തിനാണ് പച്ചക്കൊടി കാണിച്ചതെന്ന കാര്യം വൈകിമാത്രമാണ് ഹൈകമാൻഡ് തിരിച്ചറിഞ്ഞത്. ഇൗ സാഹചര്യത്തിൽ കെ.പി.സി.സിയുടെ പ്രവർത്തനത്തിന് ഹൈകമാൻഡ് പൊതുമാർഗനിർദേശം നൽകുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.