തിരുവനന്തപുരം: വിചാരണ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലുള്ള (യു.എ.പി.എ) ഏക ഇളവും അട്ടിമറിക്കാൻ പിണറായി സർക്കാർ. 2008 നിയമഭേദഗതിയിലൂടെ വിചാരണ അനുമതിയിലെ കാലതാമസം തടയാനുള്ള വ്യവസ്ഥക്കെതിരായാണ് രൂപേഷ് കേസ് വിധിയിലെ അപ്പീലിന്‍റെ മറവിൽ ഇടത് സർക്കാറിന്‍റെ നീക്കം.
മാവോവാദി നേതാവ് രൂപേഷിന് മേൽ മൂന്ന് യു.എ.പി.എ കേസ് ചുമത്തിയത് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാറിന്‍റ ആവശ്യം തടവുകാരുടെ നിയമത്തിലെ ഏക ആശ്രയം പോലും ഇല്ലായ്മ ചെയ്യുന്നതാണ്.
യു.എ.പി.എയുടെ മൂന്നും നാലും അധ്യായങ്ങളാണ് ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിവരിക്കുന്നത്. നിയമത്തിന്‍റെ 45ാം വകുപ്പുപ്രകാരം ഈ രണ്ട് അധ്യായങ്ങളിൽ പറയുന്ന കുറ്റകൃത്യങ്ങളിൽ സർക്കാറിന്‍റെ മുൻകൂർ അനുമതി ഇല്ലാതെ കോടതികൾ വിചാരണ നടപടികൾ ആരംഭിക്കാൻ പാടില്ല. ഇതിനു കൃത്യമായ നടപടിക്രമവും സമയവും നിയമത്തിൽ പറയുന്നു.
അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ സ്വതന്ത്ര പുനഃപരിശോധന നടത്താൻ റെക്കമെൻഡിങ് (ശിപാർശ) അതോറിറ്റി രൂപവത്കരിക്കണം. ഈ അതോറിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടും കേസ് ഫയലും പരിശോധിച്ച ശേഷം സർക്കാറിന് സ്വതന്ത്രമായി അന്തിമ തീരുമാനം എടുക്കാം.
2008ൽ യു.എ.പി.എ നിയമത്തിൽ വരുത്തിയ ഭേദഗതിപ്രകാരം കേസിന്‍റെ അന്വേഷണം പൂർത്തിയായ ശേഷം ലഭിക്കുന്ന തെളിവുകൾ മുഴുവൻ റെക്കമെൻഡിങ് അതോറിറ്റിക്ക് സമർപ്പിക്കണം. തെളിവ് ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനകം റെക്കമെന്‍ഡിങ് അതോറിറ്റി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം.സർക്കാറാവട്ടെ റിപ്പോർട്ട് ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനകം വിചാരണ അനുമതിയിൽ തീരുമാനമെടുക്കണം.
ഇതിലുണ്ടായ നടപടിക്രമ, സമയക്രമ വീഴ്ച ചൂണ്ടിക്കാട്ടിയാണ് രൂപേഷ് തന്‍റെ മേലുള്ള മൂന്ന് യു.എ.പി.എ കേസിനെതിരെ ഹൈകോടതി സിംഗ്ൾ ബെഞ്ചിനെ സമീപിച്ചത്. സിംഗ്ൾ ബെഞ്ച് യു.എ.പി.എ എടുത്തുകളഞ്ഞു. സിംഗ്ൾ ബെഞ്ചിന്‍റെ അധികാരം സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. കോടതി നിർദേശപ്രകാരം പരിഗണിച്ച ഡിവിഷൻ ബെഞ്ചും യു.എ.പി.എ കേസുകൾ റദ്ദ് ചെയ്തു.
വിചാരണ അനുമതി നിർദേശാത്മകം മാത്രമാണെന്നും സമയക്രമം കൃത്യമായി പാലിക്കേണ്ടതില്ലെന്നുമാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച സർക്കാറിന്‍റെ നിലപാട്. ഇതിൽ സർക്കാർ ഇളവ് നേടിയാൽ രാജ്യത്തെ മുഴുവൻ യു.എ.പി.എ തടവുകാർക്കും നിയമം അനുവദിച്ച ഏക ആശ്വാസവും ഇല്ലാതാവും. നൂറിലേറെ തടവുകാരാണ് വിചാരണകാത്ത് രാജ്യത്തെ വിവിധ കോടതികളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.