കണ്ണൂർ: ഭൂരിപക്ഷം വർധിപ്പിക്കാൻ ധർമടത്ത് കള്ളവോട്ട് ചേർക്കുന്നതായി യു.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ധർമടത്ത് ഇരട്ട വോട്ടുകൾ തള്ളുന്നതിനുവേണ്ടി പരാതി നൽകിയിട്ടും ഉദ്യോഗസ്ഥന്മാർ വോട്ടുകൾ തള്ളാൻ തയാറാവുന്നില്ലെന്ന് യു.ഡി.എഫ് ധർമടം മണ്ഡലം ചെയർമാൻ കെ.പി. ജയാനന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഇമേജ് വർധിപ്പിക്കാൻ മറ്റു മണ്ഡലങ്ങളിലെ വോട്ട് ഈ മണ്ഡലത്തിലേക്ക് ചേർക്കുന്ന പ്രവണതയുമുണ്ട്. ഫോറം നമ്പർ ഏഴിൽ പരാതി നൽകിയപ്പോൾ ജില്ല കലക്ടറുടെ അനുവാദമുണ്ടെങ്കിലേ വോട്ട് തള്ളാൻ സാധിക്കൂവെന്ന മുടന്തൻ ന്യായമാണ് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ പറയുന്നത്. ധർമടത്തെ ഭൂരിഭാഗം ബി.എൽ.ഒമാരും സി.പി.എമ്മിന് വോട്ട് വർധിപ്പിക്കാൻ കൂട്ട് നിൽക്കുകയാണ്. ധർമടത്ത് വ്യാപകമായി പുതിയ ഇരട്ട വോട്ടുകളും സി.പി.എം ചേർത്തു വരുന്നു. വേങ്ങാട് പഞ്ചായത്തിലെ പറമ്പായി 70ാം നമ്പർ ബൂത്തിൽ 120 വോട്ടുകൾ തള്ളാൻ കൊടുത്തിട്ടും ബി.എൽ.ഒമാർ ഇതുവരെ പ്രസ്തുത വോട്ടർമാർക്ക് നോട്ടീസ് നൽകാൻപോലും തയാറായിട്ടില്ല.
പിണറായി പഞ്ചായത്തിലെ 143ാം നമ്പർ ബൂത്തിൽ 100ൽ പരം വോട്ടുകൾ തള്ളാൻ കൊടുത്തിട്ടും നാളിതുവരെ വോട്ടുകൾ ഒഴിവാക്കാൻ തഹസിൽദാർ തയാറായിട്ടില്ല. ധർമടം നിയോജകമണ്ഡലത്തിൽ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പതിനായിരത്തോളം വോട്ടുകൾ ചേർക്കാൻ അപേക്ഷകൾ വന്നിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സി.പി.എമ്മിനുവേണ്ടി വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കാനുള്ള അപേക്ഷകളാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീതിയുക്തമായി പ്രവർത്തിക്കാൻ തയാറല്ലെങ്കിൽ നീതിക്കായി ഇലക്ഷൻ കമീഷനെയും കോടതിയെയും സമീപിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി. രഘുനാഥ്, എം.കെ. മോഹനൻ യു.ഡി. എഫ് ധർമടം മണ്ഡലം കൺവീനർ എൻ.പി. താഹിർ, സി.എം.പി ജില്ല സെക്രട്ടറി പി. സുനിൽകുമാർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.