യു.ഡി.എഫ് സ്ഥാനാർഥികള്‍ ദുര്‍ബലമാണെന്ന് വ്യാജ പ്രചരണം നടത്തുന്നു; മാധ്യമങ്ങളെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും കാണാത്ത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് കിട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുനില്‍ കനഗോലുവിന്റേതായി അങ്ങനെയൊരു റിപ്പോര്‍ട്ടില്ല. ഹീനമായ തരത്തിലുള്ള പച്ചക്കള്ളമാണ് പ്രചരിപ്പിക്കുകയാണ്. ഓരോ മാധ്യമങ്ങളും അവരവരുടെ സൗകര്യത്തിനാണ് പറയുന്നത്. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സതീശൻ ചോദിച്ചു.

ഒരു രേഖയും ഇല്ലാതെയാണ് സ്ഥാനാർഥികള്‍ ദുര്‍ബലമാണെന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമ ധര്‍മത്തെയാണ് അവഹേളിക്കുന്നത്. 20 സീറ്റിലും ജയിക്കാനുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭരണവിരുദ്ധ വികാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് എതിരെയുണ്ട്. എന്നിട്ടും സിറ്റിങ് എം.പിമാരെ തെരഞ്ഞുപിടിച്ച് നടത്തുന്ന പ്രചരണത്തില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിലച്ചിട്ട് ഏഴ് മാസമാകുന്നു. 13 ജില്ലകളിലെ ജനകീയ ചര്‍ച്ച സദസുകളിലെ പ്രധാന പരാതികളും പെന്‍ഷനുമായി ബന്ധപ്പെട്ടതായിരുന്നു. 55 ലക്ഷം പേരാണ് പട്ടിണിയില്‍ കഴിയുന്നത്. പാവങ്ങളില്‍ പാവങ്ങളോടാണ് സര്‍ക്കാര്‍ ക്രൂരത കാട്ടുന്നത്. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ അതീവ ദരിദ്രരുടെ ലിസ്റ്റില്‍പ്പെട്ട 74 വയസുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അതിനെതിരെയും യു.ഡി.എഫിന് ശക്തമായി സമരം നടത്തേണ്ടി വരും.

പട്ടിക ജാതി- വര്‍ഗ വിദ്യാർഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ക്ഷേമനിധി ബോര്‍ഡുകളും സര്‍ക്കാര്‍ അംശാദായം നല്‍കാത്തതിനെ തുടര്‍ന്ന് തകര്‍ച്ചയിലാണ്. സാമൂഹിക സുരക്ഷ പദ്ധതികളെല്ലാം നിലച്ച് കേരളം അതീവ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. കേരള ചരിത്രത്തില്‍ ഇത്രയും പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാറിനെ അദ്യമായാണ് കാണുന്നത്. നിഷ്‌ക്രിയത്വത്തിന്റെ പര്യായമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - UDF candidates are spreading false propaganda that they are weak; Opposition leader criticizes the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.