കോട്ടയം: നഗരസഭയിൽ യു.ഡി.എഫ് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എട്ട് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിൽ വിജയിച്ചു. 52 അംഗങ്ങളുള്ള നഗരസഭയിൽ 29 വോട്ടു നേടിയാണ് അവിശ്വാസം വിജയിച്ചത്. യു.ഡി.എഫിെൻറ 22 അംഗങ്ങളും വിട്ടുനിന്നു. എൽ.ഡി.എഫിെൻറ 22 അംഗങ്ങളും ബി.ജെ.പിയുടെ എട്ട് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. എൽ.ഡി.എഫിലെ ഒരംഗത്തിെൻറ വോട്ട് അസാധുവായി.
ഇതോടെ പന്ത്രണ്ടു ദിവസത്തിനിടെ ജില്ലയിൽ അവിശ്വാസത്തിലൂടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന രണ്ടാമത്തെ മുനിസിപ്പാലിറ്റിയായി കോട്ടയം.
ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് എൽ.ഡി.എഫ് അവിശ്വാസം വിജയിച്ചത്. കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങൾ വീതമാണ് അംഗബലം. കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച ബിൻസി സെബാസ്റ്റ്യനെ അഞ്ചുവർഷം ചെയർപേഴ്സൻ സ്ഥാനം വാഗ്ദാനം ചെയ്ത് കൂടെകൂട്ടിയാണ് യു.ഡി.എഫ് 22ൽ എത്തിയത്. തുടർന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സനാവുകയുമായിരുന്നു. എന്നാൽ, ഭരണസമിതിയിൽ ചെയർപേഴ്സനും വൈസ് ചെയർമാനും തമ്മിലുള്ള ഭിന്നത പുറത്തുവന്നതോടെയാണ് ഭരണസ്തംഭനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് അവിശ്വാസ നീക്കം കൊണ്ടുവന്നത്.
ബി.ജെ.പി പിന്തുണയോടെ ഭരിക്കില്ല –സി.പി.എം
കോട്ടയം: ബി.ജെ.പി പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ. അങ്ങനെ അധ്യക്ഷസ്ഥാനം കിട്ടിയാൽ ഉടൻ രാജിവെക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി സഹായത്തോടെ ഭരിക്കില്ലെങ്കിൽ തങ്ങളുെട പിന്തുണയിൽ വിജയിച്ച അവിശ്വാസം റദ്ദാക്കാൻ എൽ.ഡി.എഫ് തയാറാവട്ടെ എന്ന് ജില്ല പ്രസിഡൻറ് നോബിൾ മാത്യു പ്രതികരിച്ചു. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കണോ എന്നത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും നോബിൾമാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.