തിരുവനന്തപുരം: സ്വർണക്കടത്ത്, നയതന്ത്ര പ്രോേട്ടാകോൾ ലംഘന വിഷയങ്ങളിൽ മന്ത്രി ജലീലിനും സർക്കാറിനുമെതിരായ കടന്നാക്രമണത്തെ ഖുർആനെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനുള്ള സി.പി.എം നീക്കം മറികടക്കാൻ മറുതന്ത്രങ്ങളുമായി യു.ഡി.എഫ്. ഇടതുനീക്കത്തെ ലീഗ് നേതാക്കളെ മുന്നിൽനിർത്തി ആദ്യഘട്ടത്തിൽ നേരിട്ടശേഷം ഒറ്റക്കെട്ടായി പ്രത്യാക്രമണം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിെല ധാരണ. അതിെൻറ ഭാഗമായാണ് ലീഗ് ഉന്നതനേതാക്കളെ വെള്ളിയാഴ്ചതന്നെ അടിയന്തരമായി രംഗത്തിറക്കിയത്.
നിരന്തര വിവാദങ്ങളിൽ സർക്കാർ അമർന്നതോടെയാണ് ന്യൂനപക്ഷ വികാരം അനുകൂലമാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായി സി.പി.എം നേതൃത്വം ഖുർആൻ പ്രധാന ചർച്ചയാക്കിയതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്നിട്ടിറങ്ങിയാണ് ഇൗ നീക്കത്തിന് ചുക്കാൻപിടിക്കുന്നത്. വിദേശത്തുനിന്ന് നയതന്ത്ര ചാനൽ വഴി എത്തിച്ച ഖുർആൻ, സകാത്തിെൻറ ഭാഗമായി ന്യൂനപക്ഷകാര്യ മന്ത്രിയായ ജലീലിെൻറ സഹായത്തോടെ വിതരണം ചെയ്തതിൽ എന്താണ് തെറ്റെന്നാണ് സി.പി.എമ്മിെൻറ ചോദ്യം. ഖുർആൻ വിതരണത്തെ പ്രതിപക്ഷം അനാവശ്യമായി വിവാദത്തിലാക്കിയെന്നും അവർ കുറ്റെപ്പടുത്തുന്നു.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിയന്ത്രിക്കുന്ന അന്വേഷണ ഏജൻസികൾ ഖുർആൻ വിതരണത്തെ മറ്റുതലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുേമ്പാൾ മുസ്ലിംലീഗ് ഉൾപ്പെടെ യു.ഡി.എഫ് അതിന് സഹായകമായ നിലപാടെടുക്കുന്നെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഖുർആൻ ഉൾപ്പെടെ ഏതെങ്കിലും മതഗ്രന്ഥം വിതരണം ചെയ്യുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ അരുതാത്ത പ്രവൃത്തികൾക്ക് മറയാക്കാനുള്ളതല്ല മതഗ്രന്ഥമെന്നുമുള്ള നിലപാടിലാണ് യു.ഡി.എഫ്. നയതന്ത്ര ബാഗിൽ ഖുർആൻ എത്തിച്ചതിെൻറ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല. മന്ത്രി കെ.ടി. ജലീലിെൻറ നയതന്ത്ര പ്രേേട്ടാകോൾ ലംഘനം ഉൾപ്പെടെ മറയ്ക്കാനും വഴിതിരിക്കാനുമാണ് ഖുർആനെ സി.പി.എം വേണ്ടാ വിവാദത്തിന് ഉപയോഗിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്ത്, നയതന്ത്ര പ്രോേട്ടാകോൾ ലംഘനം തുടങ്ങിയ വിഷയങ്ങൾ സജീവമാക്കി നിർത്തി ഭരണത്തിനെതിരായ പ്രചാരണവും സമരവും കടുപ്പിക്കാനാണ് അവരുടെ നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.