തിരൂരങ്ങാടി: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഒരംഗത്തിന്‍റെ കൈപ്പിഴയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു മലപ്പുറം നിറമരുതൂർ പഞ്ചായത്തിലെ യു.ഡി.എഫ്. ഒടുവിൽ, എൽ.ഡി.എഫുകാരനായ പ്രസിഡന്‍റിനെതിരെ അവിശ്വാസം പാസാക്കി ഇന്നുനടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിലേറി. മുസ്ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വനിത അംഗത്തിന്‍റെ വോട്ട് അസാധുവായി. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എട്ടുവീതം വോട്ടുകൾ തുല്യനിലയിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയായിരുന്നു. ആറ് മാസം പൂർത്തിയായതോടെ യു.ഡി.എഫ് അവിശ്വാസം അവതരിപ്പിച്ച് പ്രസിഡന്‍റിനെ പുറത്താക്കി. തുടർന്നാണ് ഇന്ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.