സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി വിലയിരുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന കാരണം ജനം പൊറുതിമുട്ടുകയാണ്. വിലവര്‍ധന നിയന്ത്രിക്കാനും കുടിവെള്ള വിതരണത്തിനും സര്‍ക്കാര്‍ നടപടിയെടുക്കണം. ഇ. അഹമ്മദ് എം.പിയുടെ മരണത്തിലെ ദുരൂഹത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

ഇ. അഹമ്മദ് എപ്പോള്‍ മരിച്ചെന്നത് മൂടിവെച്ചു. മുതിര്‍ന്ന പാര്‍ലമെന്‍േററിയനാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ എന്തോ മറച്ചുവെക്കുന്നുണ്ട്. 
യു.ഡി.എഫ് നിയമസഭ അലങ്കോലപ്പെടുത്തില്ല. എന്നാല്‍, ജനകീയ പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കും. യു.ഡി.എഫിന്‍െറ മേഖലജാഥ യോഗം അവലോകനം ചെയ്തു. ആറേഴു മണ്ഡലത്തിലൊഴികെ വന്‍ ജനപങ്കാളിത്തം ജാഥക്ക് ലഭിച്ചു.

സി.പി.എമ്മില്‍ വി.എസും പിണറായിയും തമ്മില്‍ ഭിന്നതയുണ്ട്. സി.പി.ഐയും സി.പി.എമ്മും തുറന്ന പോരിലാണ്. പ്രധാന വിഷയങ്ങളില്‍ ഈ പാര്‍ട്ടികള്‍ക്ക് രണ്ട് അഭിപ്രായമാണ്. സര്‍ക്കാറിന്‍െറ പോക്ക് ശരിയല്ളെന്ന് ചെറുകക്ഷികള്‍ പറയുന്നു. ഐ.എ.എസുകാര്‍ അടക്കം ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തിലാണ്. ഫയലുകള്‍ നീങ്ങുന്നില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരില്‍ ഒരുവിഭാഗവും സമരത്തിലാണ്. ഇങ്ങനെയൊരു സര്‍ക്കാറിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. 

വരള്‍ച്ച രൂക്ഷമായിട്ടും നടപടിയില്ല. ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ല. തമിഴ്നാട്ടില്‍നിന്ന് കേരളത്തിന് അര്‍ഹമായ വെള്ളം വാങ്ങിയെടുക്കാനായില്ല. റേഷനരി ചോദിച്ചുവാങ്ങാന്‍ സര്‍ക്കാറിനായില്ല. മന്ത്രിമാര്‍ പലരും കാര്യശേഷിയില്ലാത്തവരാണ്. സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കാന്‍ ശക്തമായ നടപടിക്ക് യു.ഡി.എഫ് തയാറാകും. സര്‍ക്കാര്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ച തടവുകാരില്‍ ഭൂരിഭാഗവും സി.പി.എമ്മിന്‍െറ ആളുകളാണ്. ആ ലിസ്റ്റ് പുറത്തിറക്കണം. റേഷന്‍ വിഷയത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. കരട് മുന്‍ഗണന ലിസ്റ്റിനെക്കുറിച്ച് 15 ലക്ഷം പരാതിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുടെ അറസ്റ്റ് ഒത്തുകളി -തങ്കച്ചന്‍

നടിയെ ആക്രമിച്ച കേസിലെ അറസ്റ്റ് പ്രതികളും പൊലീസും തമ്മിലെ ഒത്തുകളിയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
 പ്രതികളെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ പൊലീസിനായില്ല. ഇരകളെ രക്ഷിക്കുന്നതിന് പകരം വേട്ടക്കാരനൊപ്പമാണ് സര്‍ക്കാര്‍. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. 
ഇതിന് പിന്നിലുള്ളവരുടെ പാര്‍ട്ടിബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
 

Tags:    
News Summary - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.