കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിന് പരിക്കേറ്റത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനിടെ. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.
സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി റിബൺ കോർത്തായിരുന്നു ഗാലറിയിൽ നിന്ന് താഴേക്കുള്ള ഭാഗത്ത് വേർതിരിച്ചിരുന്നതെന്നാണ് സൂചന.
ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പ്രവർത്തിക്കുന്ന മൃദംഗ വിഷന്റെ നേതൃത്വത്തിൽ വൈകീട്ട് ആറിനായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റിക്കാര്‍ഡുള്ളത്. ഇത് മറികടക്കാനായിരുന്നു ശ്രമം.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് നൃത്തം ചിട്ടപ്പെടുത്തിയത്. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് വയസിന് മുകളില്‍ പ്രായമുള്ള നര്‍ത്തകരാണ് പങ്കെടുക്കാനെത്തിയത്. പരിപാടി കാണാൻ ഇന്ന് വൈകീട്ട് മൂന്നുമണി മുതൽ തന്നെ കാണികൾ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ എത്തിത്തുടങ്ങിയിരുന്നു.
ഇതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ എം.എൽ.എയുടെ തലയിടിച്ചു. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു. ഉടൻ സംഘാടകരും സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റുള്ളവരും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എം.എൽ.എയെ എത്തിച്ചു. സി.ടി സ്കാനും എക്സ് റേയും എടുത്തിട്ടുണ്ടെന്നും ചെറിയ തോതിൽ തലച്ചോറിലും നടെടല്ലിലും ശ്വാസകോശത്തിലും പരിക്കുള്ളതായി ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.