കാലടി സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തിനെതിരെ പരാതി നൽകിയ ഡോ. ഉമർ തറമേലിനുനേരേ സൈബർ ആക്രമണം. ഇന്‍റർവ്യു ബോർഡിലുണ്ടായിരുന്ന മൂന്ന് വിഷയ വിദഗ്ധർ പരാതി നൽകിയിരുന്നെങ്കിലും ഉമർ തറമേലിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ അണികൾ.
സർവകലാശാലയിലെ മലയാളം വിഭാഗത്തിലായിരുന്നു രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരിയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും കാണിച്ച് ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻ എന്നിവർ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും കത്ത് നൽകിയിരുന്നു. നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും മറ്റൊരു ഉദ്യോഗാർഥിയാണ് ഒന്നാം റാങ്കിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതുസസംബന്ധിച്ച് ഉമർ തറമേൽ സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനടിയിലും അദ്ദേഹത്തിന്‍റെ മറ്റ് സ്വകാര്യ പോസ്റ്റുകളിലുമാണ് സൈബർകുറ്റവാളികൾ ആക്രമണം നടത്തുന്നത്. ഉമർ തറമേലിന്‍റെ മതം ലാക്കാക്കിയുള്ള ആക്രമണങ്ങളാണ് അധികവും നടക്കുന്നത്.
'പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ ബി.ജെ.പിക്കാർക്കെതിരെ ആവാതിരുന്നത് ഭാഗ്യം. ആയിരുന്നെങ്കിൽ ഉമർ തറ രാജ്യദ്രോഹിയും മുസ്ലിം തീവ്രവാദിയും ആയേനെ താങ്കൾ. മനസ്സിൽ രാഷ്ട്രീയമുണ്ടെങ്കിൽ എന്ത് ചെറ്റത്തരവും വിളിച്ച് പറയാമെന്നാണോ വിചാരിച്ചത്'-ഒരാൾ പോസ്റ്റിനടിയിൽ കുറിച്ചു. ഉമർ തറമേലിന്‍റെ മകന്‍റെ ചിത്രത്തിനടിയിലും ആക്ഷേപങ്ങളുമായി ധാരാളംപേർ എത്തിയിട്ടുണ്ട്.
അതേസമയം നിതയുടെ നിയമനം സംബന്ധിച്ച വിവാദം അസംബന്ധവും അനാരോഗ്യകരവും അടിസ്ഥാനരഹിതവുമെന്ന് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.
യു.ജി.സി ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് നിയമനം. മൂന്ന് സബ്ജക്ട് എക്സ്പെർട്ടുകൾ ഉൾപ്പെടെ ഏഴു പേർ ഉൾപെടുന്നതാണ് സെലക്ഷൻ കമ്മിറ്റിയെന്നും ഏഴുപേരും സ്വന്തം കൈപ്പടയിൽ ഉദ്യോഗാർഥിയുടെ േപരെഴുതി രേഖപ്പെടുത്തിയ മാർക്കിെൻറ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ചയാൾക്കാണ് നിയമനം നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.