തൃശൂര്‍: അവശ്യ സര്‍വിസ് നിയമത്തിെൻറ (എസ്മ) പരിധിയില്‍ ഉള്‍പ്പെടുത്തി അവശ്യ സര്‍വിസിലുള്ളവര്‍ക്ക് നൽകുന്നതിന് തുല്യമായ ശമ്പളം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് ഉറപ്പാക്കണമെന്ന് നഴ്സുമാരുടെ സംഘടന. സുപ്രീംകോടതി നിർദേശിച്ച ശമ്പള പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച കേസ് 18ന് ഹൈകോടതി പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസ് ചർച്ചക്ക് വിളിക്കുകയും 19ന് ഹൈകോടതിയിൽ മീഡിയേഷൻ സമിതി ചർച്ച നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പണിമുടക്കിൽനിന്ന് യു.എൻ.എ പിന്മാറിയിരിക്കുകയാണ്.
ശമ്പള വർധന എന്ന ആവശ്യത്തിൽനിന്ന് പിന്മാറുന്നത് തെറ്റായ സന്ദേശമാകുമെന്ന് തൃശൂരിൽ ചേർന്ന യു.എൻ.എ യോഗം വിലയിരുത്തി. ഹൈകോടതി മീഡിയേഷൻ സമിതി വിളിച്ച ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പ്രാധാന്യമില്ലാതാകും. ഹൈകോടതി നൽകുന്ന റിപ്പോർട്ടാണ് അടിസ്ഥാനമാക്കുക. തീരുമാനം നടപ്പാക്കുകയെന്ന ഉത്തരവാദിത്തമാണ് സർക്കാറിനുള്ളത്. ഏറെക്കാലമായുള്ള ആവശ്യത്തിൽ നിലപാടെടുക്കാതിരുന്നത് സർക്കാറിെൻറ വീഴ്ചയാണ്. പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിച്ച് ആരോഗ്യമേഖല പ്രതിസന്ധി നേരിടുന്ന കാലമാണെന്ന് സർക്കാറിനും ആശുപത്രി മാനേജ്മെൻറുകൾക്കും ബോധ്യമുണ്ട്. എന്നിട്ടും പണിമുടക്കിന് സാഹചര്യം ഒരുക്കുകയാണ്.
ആശുപത്രി മാനേജ്മെൻറുകൾക്കിടയിൽ ഭിന്നതയുണ്ട്. അപൂർവം ചില ആശുപത്രികളൊഴികെ ശമ്പളം വർധിപ്പിക്കാൻ സർക്കാറിനെയും അസോസിയേഷനെയും സന്നദ്ധത അറിയിച്ചതാണ്. തൃശൂരിൽ 10 ആശുപത്രികൾ ശമ്പളം 50 ശതമാനം വർധിപ്പിക്കാൻ നഴ്സുമാരുടെ സംഘടനയുമായും ലേബർ ഓഫിസറുമായും കരാറിൽ ഏർപ്പെട്ടിരുന്നു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ശമ്പളവർധന തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക സമിതിയെ നിയോഗിച്ച് റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇതിനിെടയാണ് ആശുപത്രി മാനേജ്മെൻറുകളെയും നഴ്സുമാരുടെ സംഘടനകളെയും ട്രേഡ് യൂനിയൻ പ്രതിനിധികളെയും സർക്കാർ ചർച്ചക്ക് വിളിച്ചത്.
ചർച്ചയിൽ നാമമാത്ര വർധന വരുത്താനാണ് മാനേജ്മെൻറുകളിൽ ഒരു വിഭാഗം സന്നദ്ധത അറിയിച്ചത്. ഇതോടെ ചർച്ച പരാജയപ്പെട്ടു. അവശ്യ സർവിസുകൾ തടസ്സപ്പെടാതെ സമരം തുടരുമെന്ന് നഴ്സുമാർ അറിയിച്ചതോടെ ആശുപത്രികൾ അടച്ചിട്ട് സമരം നടത്തുമെന്ന് മാനേജ്മെൻറുകൾ പ്രഖ്യാപിച്ചു. നഴ്സുമാരുടെ സമരം നിർത്താൻ ആവശ്യപ്പെട്ട സർക്കാർ മാനേജ്മെൻറുകളോട് അത്തരം സമീപനം പുലർത്തുന്നില്ലെന്നും യു.എൻ.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.