4.12 കോടിയുമായി ബംഗളൂരുവില്‍ മൂന്നു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

ബംഗളൂരു: കണക്കില്‍പെടാത്ത 4.12 കോടി രൂപ വാഹനത്തില്‍ കടത്തുന്നതിനിടെ മൂന്നു കോഴിക്കോട് സ്വദേശികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. 
രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍, ഉള്ളിയും തക്കാളിയും കയറ്റിപ്പോകുന്ന ഗുഡ്സ് വാഹനം തടഞ്ഞുനിര്‍ത്തി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 

വിദ്യാരണ്യപുരയില്‍ താമസിക്കുന്ന മുഹമ്മദ് അഫ്സല്‍ (23), അബ്ദുല്‍ നസീര്‍ (44), ഷംസുദ്ദീന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. കൊടിഗെഹള്ളിക്കു സമീപം എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. കേരളത്തിലേക്ക് കടത്തുന്നതിനായി പച്ചക്കറിയോടൊപ്പം പണവും ചാക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘത്തില്‍നിന്ന് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍, പത്ത് ചാക്ക് തക്കാളി, 35 ചാക്ക് ഉള്ളി എന്നിവയും പൊലീസ് പിടിച്ചെടുത്തു. അനന്ത്നഗറിലെ വീട് കേന്ദ്രീകരിച്ച് സംഘം നേരത്തേയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി. പിടിച്ചെടുത്തതിന്‍െറ 70 ശതമാനവും 2000 രൂപയുടെ നോട്ടുകളാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു. 

ബാക്കി 100, 500 രൂപയുടെ നോട്ടുകളാണ്. പണത്തിന്‍െറ ഉറവിടം കണ്ടത്തൊനായി മൂവരെയും ചോദ്യംചെയ്തുവരികയാണ്. ഏജന്‍റുമാരായ ഇവര്‍ ലക്ഷത്തിന് 100 രൂപ കമീഷന്‍ വാങ്ങിയാണ് പണം കടത്തിയിരുന്നത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - unaccounted money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.