തിരുവനന്തപുരം: അൺഎയ്ഡഡ് സ്കൂളുകളിലെ 50 ശതമാനം സീറ്റിലെ പ്രവേശനം ഏകജാലകത്തിലൂടെയാക്കാൻ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ. ബിരുദ/ പ്രഫഷനൽ കോഴ്സുകളിൽ അൺ എയ്ഡഡിൽ സർക്കാർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്‍റ് രീതിയാണുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളില്ലാത്തതിനാൽ, മുൻ വർഷങ്ങളിൽ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് മാറ്റിയ പ്ലസ് വൺ ബാച്ചുകളിൽ പൂർണതോതിൽ പ്രവേശനം നടക്കുന്നവ മാറ്റി നൽകിയ സ്കൂളുകളിൽ സ്ഥിരപ്പെടുത്തണം.
ബാച്ചുകൾ മാറ്റിയ സ്കൂളുകളിലെ അധിക സ്ഥിരംഅധ്യാപകരെ പുതിയ സ്കൂളിലേക്ക് പുനർവിന്യസിക്കണം. പൂർണതോതിൽ വിദ്യാർഥികളുള്ള ബാച്ചുകളിൽ ഗെസ്റ്റ് അധ്യാപകർ ജോലിചെയ്യുന്നതും 25 വിദ്യാർഥികളില്ലാത്ത ബാച്ചുകളിൽ (സ്പെഷൽ സ്കൂളുകൾ ഒഴികെ) സ്ഥിരാധ്യാപകർ ജോലിചെയ്യുന്നതുമായ സാഹചര്യം ഒഴിവാക്കണം.
2014-15, 2015-16 വർഷങ്ങളിൽ പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാത്തവയിൽ 40ൽ കുറയാത്ത വിദ്യാർഥികൾ പ്രവേശനം നേടിയെങ്കിൽ തസ്തിക അനുവദിക്കാൻ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തണം. നിലവിൽ 50 കുട്ടികളുള്ള ബാച്ചുകളിലാണ് സ്ഥിരംതസ്തികക്ക് അനുമതിയുള്ളത്.
തിരുവനന്തപുരം: എയ്ഡഡ് ഹയർസെക്കൻഡറികളിൽ അനുവദിച്ച അൺഎയ്ഡഡ് ബാച്ചുകൾ നിർത്താൻ കാർത്തികേയൻ കമ്മിറ്റി ശിപാർശ. ഇത്തരം ബാച്ചുകളിലേക്ക് വലിയ തുക ഡൊണേഷൻ, ഫീസ് ഇനങ്ങളിൽ നൽകേണ്ടി വരുന്നുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. വിദ്യാർഥികൾ എയ്ഡഡ് ബാച്ചാണെന്നോ അൺഎയ്ഡഡ് ബാച്ചാണെന്നോ തിരിച്ചറിയാതെയാണ് മാനേജ്‌മെന്റ് േക്വാട്ടയുടെ പേരിൽ പ്രവേശനം നേടുന്നത്. ചിലയിടങ്ങളിൽ എയ്ഡഡ് അധ്യാപകരെ അൺഎയ്ഡഡ് ബാച്ചിലും പഠിപ്പിക്കാൻ നിയോഗിക്കുന്നതായും വിദ്യാർഥികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതായും പരാതിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് ബാച്ചുകൾ മാത്രം അനുവദിച്ച എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾ നിലനിർത്താമെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾ മാറ്റുന്നതിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം മുതൽ ബാച്ച് നിർത്തുകയോ ഉചിതമായ രീതിയിൽ മറ്റെവിടേക്കെങ്കിലും മാറ്റുകയോ ചെയ്യാം. തിരുവല്ല ബാലികാമഠം ജി.എച്ച്.എസ്.എസ്, മെഴുവേലി പത്മനാഭോദയം എച്ച്.എസ്.എസ്, റാന്നി എടക്കുളം ഗുരുകുലം എച്ച്.എസ്.എസ്, ചെങ്ങന്നൂർ സെന്‍റ് തെരേസ എസ്.ബി.സി എച്ച്.എസ്.എസ്, ആരക്കുഴ സെന്‍റ് മേരീസ് എച്ച്.എസ്.എസ്, നെല്ലിയാമ്പതി പോളച്ചിറക്കൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഓരോ ബാച്ചുകൾ ആണ് ഈ ഗണത്തിൽ പട്ടികയിൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.