കോഴിക്കോട്: ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രൂപീകൃതമായ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) എന്ന സ്ഥപനത്തിലെ മുൻ എം.ഡി ജി. അശോക് ലാലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് റിപ്പോർട്ട്. സർക്കാർ മാനദണ്ഡങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേടും ധൂർത്തും അധികാര ദുർവിനിയോഗവും അദ്ദേഹം നടത്തിയയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
അശോക് ലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണവകുപ്പ് ശിപാർശ ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. അശോക് ലാലിനെ കരിമ്പട്ടികയിൽ പെടുത്തി ഭാവിയിൽ സമാനമായ സ്ഥാപനങ്ങളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ഉന്നത സ്ഥാനങ്ങളിലോ പരിഗണിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
അശോക് ലാൽ എം.ഡിയായി ചുമതലയേറ്റശേഷം സർക്കാർ അനുമതിയില്ലാതെയാണ് നിയമനങ്ങൾ നടത്തിയത്. സർക്കാരിൽ നിന്നുള്ള ഉത്തരവ് ലഭിക്കാതെ ഫുൾ ടൈം, പാർട്ട്ടൈം, താൽക്കാലികം, കരാർ, ദിവസവേതന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാൻ പാടില്ലെന്ന 2015ലെ ഉത്തരവ് കാറ്റിൽപ്പറത്തി 71 ജീവനക്കാരെ കരാർ -ദിവസ വേതന വ്യവസ്ഥയിൽ അശോക് ലാൽ നിയമിച്ചതായി പരിശോധനയിൽ കണ്ടെത്തി. കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ നിയമനത്തിലും പ്രമോഷനിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് നിയമനം സംബന്ധിച്ച ഫയലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായി.
ക്ലീനർ വിഭാഗത്തിൽപ്പെട്ട ചില ജീവനക്കാർക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാത പ്രമോഷൻ അനുവദിക്കുകയും പക്ഷപാതപരമായി ചിലർക്ക് പ്രമോഷൻ നിരാകരിക്കുകയും ചെയ്തു. മാനേജിങ് ഡയറക്ടർക്ക് താൽപര്യത്തിന് അനുസരിച്ച് മറ്റ് ജോലികളിൽ നിയോഗിക്കുന്നു. ഉദാഹരണമായി 1986ൽ ക്ലീനൻ ആയി നിയമിക്കപ്പെട്ട ആൾ 2018ലും ക്ലീനർ ആയിരിക്കുമ്പോൾ 2005ൽ നിയമിക്കപ്പെട്ടയാളെ പേ വാർഡ് അസിസ്റ്റന്റായി പ്രമോട്ട് ചെയ്തു.
പേ വാർഡ് അസിസ്റ്റന്റുമാരായി ജോലി നോക്കേണ്ട ബി.എസ് സരിത, ടി.ആർ. ഉല്ലാസ് എന്നിവരെ മാനദണ്ഡം പാലിക്കാതെ ഹെഡ് ഓഫീസിൽ ക്ലാർക്ക് തസ്തികയിൽ നിയോഗിച്ചു. കരാർ വ്യവസ്ഥയിൽ കോഴിക്കോട് മേഖലാ ഓഫീസിൽ പ്ലംബർ ആയി നിയോഗിക്കപ്പെട്ട സുരേഷ്, ഹെഡ് ഓഫീസിൽ ഡെസ്പാച്ച് അസിസ്റ്റന്റായും, പമ്പ് ഓപ്പറേറ്റർ ആയി നിയമിക്കപ്പെട്ട പ്രവീൺ ഓഫീസ് അറ്റൻഡന്റ് ആയും ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്നു.
നിയമിക്കാൻ ഉദേശിക്കുന്ന ആളിൽ നിന്നും അപേക്ഷ എഴുതി വാങ്ങുകയും അതിൽ എം.ഡി "കൺസിഡർ' എന്ന് മിനിട്സ് രേഖപ്പെടുത്തുകയും അന്ന് തന്നെ ഉത്തരവ് നൽകുകയും ചെയ്യുന്ന അതീവ വിചിത്രമായ രീതിയാണ് സ്വീകരിച്ചത്. പേ വാർഡ് അസിസ്റ്റന്റുമാരായി നിയോഗിക്കപ്പെട്ടവർ അവിടെ സേവനം അനുഷ്ടിക്കാത്തതിനാൽ പേ വാർഡുകളിൽ നിന്നും ലഭിക്കേണ്ട വരുമാനം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ സാധിക്കുന്നില്ല.
സർക്കാർ ഉത്തരവിന് വിരുദ്ധമായി നിയമിച്ചതായി കണ്ടെത്തിയതിൽ ഇപ്പോഴും ജോലിയിൽ തുടരുന്ന ജീവനക്കാരെ അടിയന്തരമായി തസ്തികളിൽനിന്ന് നീക്കം ചെയ്യണം. നിയമാനുസൃതമായ മാർഗത്തിലൂടെ മാത്രം ഈ തസ്തികകളിൽ പുതിയ നിയമനം നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.