തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഇതോടെ ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കുമോ എന്നതിൽ അനിശ്ചിതത്വം. ഈമാസം നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി ഗവർണറുടെ അനുമതി തേടിയിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണറുടെ വാക്കുകൾ അനുകൂല സൂചനയല്ല നൽകുന്നത്. മുഖ്യമന്ത്രിയിൽനിന്ന് ഗവർണർ കൂടുതൽ വിശദീകരണം തേടുമെന്നും വിവരമുണ്ട്.
മുഖ്യമന്ത്രിക്കുപോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടല്ലേ സജി ചെറിയാന് രാജിവെക്കേണ്ടി വന്നതെന്നാണ് ഗവർണർ മാധ്യമപ്രവർത്തകരോട് ചോദിച്ചത്. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നാണ് സജി ചെറിയാനെതിരായ കേസ്. ആ കേസിന്റെ സ്ഥിതിയിൽ എന്തു മാറ്റമുണ്ടായെന്ന് പരിശോധിക്കണം. മുഖ്യമന്ത്രിയിൽനിന്ന് ഇതു സംബന്ധിച്ച് നേരിട്ട് അറിയിപ്പ് കിട്ടി. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ പ്രതികരിച്ചു.
ഭരണഘടനയെ വിമര്‍ശിച്ച കേസിൽ കോടതി അന്തിമതീര്‍പ്പ് അറിയിക്കും മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാൻഡിങ് കൗൺസലിനോട് ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അതു ചോദ്യം ചെയ്യാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാറിനോട് കൂടുതൽ വ്യക്തത തേടാമെന്നും കൂട്ടിച്ചേർത്തു. കേസിൽ കോടതിയുടെ അന്തിമതീർപ്പ് ഉണ്ടാകാത്തതിനാൽ സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ രാജ്ഭവന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.