തിരുവനന്തപുരം: അദാനി വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി പ്രദേശത്തേക്കുള്ള റെയിൽവേ ലൈൻ ഭൂമി തുരന്ന് തുരങ്കത്തിലൂടെ നിർമിക്കാനായി സർക്കാർ ഒരുങ്ങുന്നു. സാധാരണ റെയിൽവേ ലൈനിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇത് ഭൂഗർഭ റെയിലാക്കി മാറ്റാനുള്ള അനുമതിക്കായി പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായുള്ള വിഴിഞ്ഞം കരാർ അനുസരിച്ച് തുറമുഖത്തേക്കുള്ള റെയിൽ, റോഡ് ബന്ധം ഏർപെടുത്തി നൽകേണ്ടത് സംസ്ഥാനമാണ്. സംസ്ഥാന ചെലവിലാണ് ഇത് നിർമിക്കേണ്ടത്. അതിലാണ് ഇപ്പോൾ മാറ്റംവരുത്താൻ പോകുന്നത്.
നേരത്തേ പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതിയിലെ റെയിൽവേ ലൈൻ നിർമാണത്തിൽ മാറ്റംവരുത്താൻ അനുമതി തേടി വിഴിഞ്ഞം ഇൻർനാഷനൽ സീ പോർട്ട് ലിമിറ്റഡാണ് (വിസൽ) കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിദഗ്ധസമിതിയുടെ അജണ്ടയിൽ ഒന്നാമത്തെ ഇനമായി ഈ അപേക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന് വിസൽ സമർപ്പിച്ച അപേക്ഷ സെപ്റ്റംബർ 15ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി പരിഗണിക്കും.
അതേസമയം ഇത് സംബന്ധിച്ച ഒരു അറിയിപ്പും വിസലിന്റെ വൈബ്സൈറ്റിൽ നൽകുകയോ സംസ്ഥാന തുറമുഖ വകുപ്പ് പൊതുസമൂഹത്തിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിർദിഷ്ട റെയിൽവേ ലൈൻ കടന്നുപോകുന്ന പ്രദേശം, എത്ര ജനത്തെ ബാധിക്കും, ഈ ലൈനിന്റെ പദ്ധതിരേഖ എന്താണ് തുടങ്ങിയവയും ഇനിയും പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. നിലവിൽതന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 3,100 മീറ്റർ നീളമുള്ള പുലിമുട്ട് നിർമാണം 1350 മീറ്റർ മാത്രം പൂർത്തിയായപ്പോൾ വിഴിഞ്ഞത്തിന് വടക്ക് ഭാഗത്ത് കടുത്ത തീരശോഷണവും നിരവധി വീടുകൾ കടലെടുക്കുകയും ചെയ്തു. പദ്ധതി നിർമാണം നിർത്തിവെച്ച് ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ 48 ദിവസമായി വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായി സമരം നടക്കുകയാണ്. തിങ്കളാഴ്ചമുതൽ സമരസമിതി റിലേ ഉപവാസവും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.