പന്തളം: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ ഫലക് മജരിസ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ ഫലക് മജരിസിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുടുംബം നഗരസഭയിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് പരിശോധന നടത്തി നോട്ടീസ് നൽകി നഗരസഭയിലെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചത്. ഉച്ചക്കു ശേഷം മാത്രം തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലിൽ നഗരസഭ ഹെൽത്ത് സൂപ്രണ്ട് ബിനോയ് ബിജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തികച്ചും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പ്രവർത്തനമെന്ന് വ്യക്തമായി.
ഭക്ഷ്യവിഷബാധ ഏൽക്കുന്ന സംഭവങ്ങൾ കൂടുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതയും കർശന നടപടിയുമായി നഗരസഭ ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്. നഗരസഭ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ലൈസൻസ് ഹെൽത്ത് കാർഡ്, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഒന്നും തന്നെ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
2021ൽ കാലാവധി തീർന്ന വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റാണ് ഇപ്പോഴും കൈവശം വെച്ചിരിക്കുന്നത്. നിരവധി തവണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത് പിഴയടക്കാൻ നോട്ടീസ് നൽകിയ ഹോട്ടലാണ് ഇത്. നഗരസഭ നൽകിയ പിഴത്തുകപോലും ഇതുവരെയും അടച്ചിട്ടില്ല.
മതിയായ കിച്ചൺ സൗകര്യം ഇല്ലാതെയാണ് ഈ സ്ഥാപനം നിലവിൽ പ്രവർത്തിച്ചു വന്നിരുന്നത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടിവെച്ചിരിക്കുന്ന ഇറച്ചിയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മറ്റ് വിവിധ ഹോട്ടലുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി ഇ.ബി അനിത അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന് വി. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ആർ. ദീപുമോൻ, ഇ. കെ. മനോജ്, വി. അനീഷ, എ. ഷഹന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.