കുർബാനയെ ചൊല്ലി സംഘർഷം: സെന്‍റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്

എറണാകുളം: ഏകീകൃത കുർബാന വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ആർ.ഡി.ഒ തീരുമാനം വരുന്നതു വരെ പള്ളി അടച്ചിടും. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിനോട് ശിപാർശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനക്കെതിരെയാണ് ഇന്ന് പുലർച്ചെ പ്രതിഷേധമുണ്ടായത്. കുർബാന അർപ്പിക്കാനെത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാഗം തടഞ്ഞ് തിരിച്ചയച്ചു. ആറു മണിയോടെ കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് എത്തിയ ബിഷപ്പിനെ ഗേറ്റ് പൂട്ടിയാണ് ഒരു വിഭാഗം തടഞ്ഞത്.

വൻ പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ബിഷപ്പിന് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്. ഏകീകൃത കുർബാനക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ. പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു.

ബിഷപ്പിന് സുരക്ഷയൊരുക്കാൻ ഔദ്യോഗിക പക്ഷം പുറത്തെത്തിയെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിൻമാറുകയായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.

Tags:    
News Summary - Unified Mass: Police take control of St. Mary's Basilica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.