മലപ്പുറം: ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് നടത്തുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിന് ക്ഷണം. യോഗത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞായറാഴ്ച രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്ലിം ലീഗ് നേതാക്കൾ യോഗം ചേരും. വെള്ളിയാഴ്ചയാണ് ഔദ്യോഗിക ക്ഷണം ലഭിച്ചതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അവർക്ക് വേഗം മറുപടി കൊടുക്കേണ്ടതുണ്ട്. ഐക്യജനാധിപത്യ മുന്നണിയുമായും ആലോചിക്കേണ്ടതുണ്ട്. രാഷ്ട്രീയ മുതലെടുപ്പ് ശ്രമമാണോ സി.പി.എമ്മിന്റേതെന്ന് പരിശോധിക്കണം. എന്നിട്ടേ തീരുമാനം പറയാനാവൂ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സലാം.
പൗരത്വ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. 835 കേസുകൾ നിലനിൽക്കുകയാണ്. ഏക സിവിൽകോഡ് വിഷയത്തിൽ സമരം നടത്തിയാലും കേസെടുക്കില്ലെന്ന് എന്താണുറപ്പെന്ന് സലാം ചോദിച്ചു.
സമൂഹത്തിൽ വിദ്വേഷം പരത്തുന്ന ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്കറിയയെ ആരു പിന്തുണച്ചാലും അതിന്റെ കൂടെ നിൽക്കേണ്ട കാര്യം ലീഗിനില്ലെന്ന്, കെ. സുധാകരൻ പിന്തുണക്കുന്നതിനെക്കുറിച്ച ചോദ്യത്തിന് സലാം മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.