കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച് ബജറ്റ് സാമൂഹിക അസമത്വം പരിഹരിക്കുന്നതിനോ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനോ പര്യാപ്തമല്ലെന്ന് ദലിത് സംഘടനകൾ. ദളിതരുടെയും ആദിവാസികളുടെയും സമകാലിക ആവശ്യങ്ങളെ പരിഗണിക്കുന്നതോ, ഉൾച്ചേർന്ന വികസനവും വർധിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അസമത്വം പരിഹരിക്കുന്നതോ സാമൂഹ്യ നീതിഉറപ്പാകുന്നതോ അല്ല നിലവിലെ തുച്ഛമായ ബജറ്റ് വിഹിതമെന്നും സണ്ണി എം. കപിക്കാട് (ദളിത് സമുദായ മുന്നണി ) അജയകുമാർ (ഇക്വിറ്റീവ്സ് ഫൗണ്ടേഷൻ ) രാധാലക്ഷ്മി ഡി ഒ (റൈറ്റ്സ്) അനസൂയ (സ്വാധികാർ) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി ആവർത്തിച്ചു പറയുന്ന 'എല്ലാവർക്കും ഒപ്പം -എല്ലാവർക്കും വികസനം ' എന്ന നയത്തിന് വിരുദ്ധമാണ് കഴിഞ്ഞദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റ്. എല്ലാ സമൂഹങ്ങൾക്കും നീതിസമത്വത്തിലും, സമത്വത്തിലും അധിഷ്ഠിതമായ വികസനം എന്നൊക്കെ ബജറ്റ് പ്രസംഗത്തിലും മറ്റും ആവർത്തിക്കുന്നത് വെറും പൊള്ളയായ വാക്കുകൾ ആണെന്ന് ഇത് വ്യക്തമാക്കുന്നു. അതിനു യാഥാർഥ്യവുമായി ബന്ധമൊന്നും ഇല്ല.
കഴിഞ്ഞ പത്തുവർഷമായി ബജറ്റ് നിരാശാജനകമായ അനുഭവമാണ്. സാമ്പത്തിക അവകാശങ്ങൾക്കായുള്ള ദളിതരുടെയും ആദിവാസികളുടെയും പ്രവേശനക്ഷമത/ സാധ്യത കുറഞ്ഞു കുറഞ്ഞു വരികയാണ് ഇത് സാമൂഹ്യ വികസന ത്തിനുള്ള ദളിതരുടെയും ആദിവാസികളുടെയും സാധ്യതകളെ പുറകോട്ടടിക്കുന്നു. ഈ ബജറ്റിൽ മുൻ വർഷത്തേക്കാൾ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ദളിതരുടെയും ആദിവാസികളുടെയും സാമൂഹിക-സാമ്പത്തിക നീതി ഉറപ്പുവരുത്താൻ തീർത്തും അപര്യാപ്‍തമാണ്.
2024- 25 വർഷത്തെ കേന്ദ്രബജറ്റ് 51,08,780 കോടിയാണ് ഇതിൽ പട്ടികജാതി - വർഗത്തിന് വികസനത്തിന് യഥാക്രമം 1,65,598 കോടിയും 1,21,023 കോടിയും ആണ് വകയിരുത്തിയിരിക്കുന്നത് , ഇതിൽ നേരിട്ട് പട്ടികജാതി - വർഗക്കാർക്ക് ലഭ്യമാക്കുക 44,282 കോടിയും 36,212 കോടിയും മാത്രമാണ് ബാക്കി തുക 'സാങ്കൽപ്പിക അലോക്കേഷൻ ' ചിലവുകളിലേക്കാണ് പോവുക (അതായത് റോഡ് പോലുള്ള പൊതുപദ്ധതികൾക്ക്)
ദളിതരുടെ നീണ്ട സമര ചരിത്രത്തെ തിരസ്കരിച്ചും, ദളിതർ ഉയർത്തിക്കൊണ്ടുവന്ന ആഖ്യാനങ്ങളെ പരിഗണിക്കാതെയും, ഉൾച്ചേർന്ന വികസനം എന്ന സങ്കൽപ്പത്തെ അട്ടിമറിച്ചുകൊണ്ടും ദളിത് അവകാശങ്ങളെത്തന്നെ കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ധനമത്രി രാജ്യത്തിന്റെ പ്രധാനമന്തി പാവങ്ങൾ, യുവജനം, സ്ത്രീകൾ, അന്നദാതാക്കൾ എന്നീ നാല് ജാതികളിലെ വിശ്വസിക്കുന്നുള്ളു എന്ന പ്രസ്‍താവന.
തീരുമാനങ്ങൾ എടുക്കുന്നതും പോളിസികൾ രൂപകൽപ്പന ചെയ്യുന്ന വേദികളിൽ നിന്നും ദളിതരെയും ആദിവാസികളെയും ഒഴിവാക്കി നിർത്തുന്നതാണ് സർക്കാരിന്റെ സമീപനം. ഉൾച്ചേർന്ന വികസനത്തെക്കുറിച്ചു പറയുമെങ്കിലും പ്രാതിനിത്യം ഇല്ലാത്തതുകൊണ്ട് ദളിതർക്കും ആദിവാസികൾക്കും പോളിസി വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനുള്ള സാധ്യതകളെ പരിമിതപ്പെട്ടു. അത് ബജറ്റിലും പ്രതിഫലിക്കുന്നു. തൊഴിലുറപ്പു പദ്ധതിക്ക് ദളിതർക്ക് 7350 കോടിയിൽനിന്നും 13250 കോടിയും ആദിവാസികൾക്ക് 7350 കോടിയിൽനിന്നും 10355 ആയി ബജറ്റ് വിഹിതം വർധിപ്പിച്ചപ്പോൾ വെൻച്വർ കാപിറ്റൽ വിഹിതം നേരത്തെ ഉണ്ടായിരുന്ന 70 കോടിയിൽനിന്നും 10 കോടിയായി കുറച്ചു.
ദളിതർക്കും ആദിവാസികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ വളരെ അധികം വർധിച്ചുവരുന്ന അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. 2022 ൽ മാത്രം 57582 കേസുകളാണ് രാജ്യത്ത് റെജിസ്റ്റർ ചെയ്തത്. 2021 ൽ റെജിസ്റ്റർ ചെയ്ത കേസുകളെക്കാൾ 13 ശതമാനം കൂടുതലാണിത്. ആദിവാസികൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും സമാനമായ വർധനവ് ഉണ്ടായി. പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം നടപ്പിലാക്കുന്നതിനും, മതിയായ നഷ്ടപരിഹാരം ഉറപ്പാകുന്നത്തിനും സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നാൽ, കേവലം 560 കോടി മാത്രമാണ് ഈ ആവശ്യങ്ങൾക്കായി ബജറ്റിൽ നീക്കി വെച്ചതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.