കൊല്ലം: രൂക്ഷമായ തോട്ടണ്ടിക്ഷാമം ഉൾപ്പെടെ വിഷയങ്ങളാൽ പ്രതിസന്ധിയിലായ കശുവണ്ടിവ്യവസായമേഖലയെ കേന്ദ്ര ബജറ്റ് പൂർണമായും അവഗണിച്ചെന്ന് കേരള സംസ്ഥാന കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ. പൊതുതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെങ്കിലും സവിശേഷമായ പരിഗണന കശുവണ്ടി വ്യവസായത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മേഖലയിലെ ആവശ്യങ്ങൾ ഉന്നയിച്ച് കോർപറേഷൻ വിശദ നിവേദനം കേന്ദ്രസർക്കാറിന് സമർപ്പിച്ചിരുന്നെങ്കിലും പുനരുദ്ധാരണ പാക്കേജ് അടക്കം പ്രതീക്ഷിച്ച ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയുക, വിയറ്റ്നാം അടക്കം രാജ്യങ്ങളിൽ നിന്നുള്ള നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി നിയന്ത്രിക്കുക എന്നീ പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് കാഷ്യൂ ബോർഡ് ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും കാഷ്യൂ ബോർഡ് പോലുള്ള ഒരു കേന്ദ്ര സ്ഥാപനത്തെപ്പറ്റിയും ബജറ്റിൽ പരാമർശമില്ല. സുപ്രീംകോടതിവിധി ഉണ്ടായിട്ടും ഇ.പി.എഫ് പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനവും തൊഴിലാളികളെ നിരാശയിലാഴ്ത്തും. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ വിഷയത്തിൽ സക്രിയമായി ഇടപെടണമെന്ന് എസ്. ജയമോഹൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.