കൊച്ചി: നിശ്ചിത ദിവസം വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടത്താൻ അഫിലിയേറ്റ് ചെയ്ത കോളജുകളോട് നിർദേശിക്കാൻ സർവകലാശാലകൾക്ക് അധികാരമില്ലെന്ന് ഹൈകോടതി. കോളജ് പ്രിൻസിപ്പൽസ് കൗൺസിൽ കേസിൽ 2004ൽ ഇത് സംബന്ധിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
അഫിലിയേറ്റ് കോളജുകളിലടക്കം യൂനിയൻ തെരഞ്ഞെടുപ്പ് നടത്താൻ ദിവസം നിശ്ചയിച്ച് ഫെബ്രുവരി 23ന് എം.ജി സർവകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്ത് തൊടുപുഴ അൽ അസർ ലോ കോളജിലെ പഞ്ചവത്സര നിയമ വിദ്യാർഥി ജൂഡിത്ത് ഡേവിസ് നൽകിയ ഹരജി തീർപ്പാക്കിയാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്.
വിജ്ഞാപനത്തെ മറ്റു കോളജുകൾ ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ ആ കോളജുകളിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താനുള്ള നടപടികളിൽ ഇടപെടുന്നില്ലെന്നും ഹരജിക്കാരന്റെ കോളജിൽ ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. എന്നാൽ, വിജയികളുടെ പട്ടിക മാർച്ച് 31നകം സർവകലാശാലക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
2004ലെ വിധി എം.ജി സർവകലാശാല ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, തെരഞ്ഞെടുപ്പ് നിശ്ചിത ദിവസം നടത്താൻ നിർദേശിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ സർവകലാശാലക്കും സിൻഡിക്കേറ്റിനും അധികാരമുണ്ടെന്നായിരുന്നു എം.ജി സർവകലാശാലയുടെ വാദം. മാർച്ച് 31നകം വിജയികളുടെ പട്ടിക നൽകേണ്ടത് അനിവാര്യമാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.